ADVERTISEMENT

മുബൈ∙ ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെ ഒഴിവാക്കി. ഋതുരാജിന്റെ വിവാഹം അടുത്തതിനാൽ താരത്തിന്റെ അഭ്യർഥന പ്രകാരമാണ് ബിസിസിഐയുടെ തീരുമാനം. പകരക്കാരനായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം യശസ്വി ജയ്സ്വാളിനെ ടീമിലെടുത്തു. റിസർവ് ഓപ്പണറായാണ് യശസ്വി ടീമിലെത്തുക. ജയ്സ്വാൾ ഉടൻ‍ ലണ്ടനിലേക്കു പോകും.

ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ ഋതുരാജ് ഐപിഎൽ ഫൈനൽ കളിക്കാൻ അഹമ്മദാബാദിലാണുള്ളത്. ഞായറാഴ്ച രാത്രി 7.30നാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടം. ഫൈനലിനു ശേഷം ജൂൺ മൂന്നിനും നാലിനുമാണ് ഋതുരാജ് ഗെയ്ക്‌വാദിന്റെ വിവാഹച്ചടങ്ങുകൾ. ജൂൺ അഞ്ചിനു ശേഷമേ ലണ്ടനിലേക്കു മടങ്ങാനാകൂവെന്ന് ഋതുരാജ് ബിസിസിഐയെ അറിയിച്ചു.

ഇതോടെ പകരക്കാരനെ അയക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടു. ഐപിഎല്ലിൽ 14 മത്സരങ്ങൾ കളിച്ച ജയ്സ്വാൾ 625 റൺസാണ് അടിച്ചുകൂട്ടിയത്. ജൂൺ ഏഴിനാണ് ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. രോഹിത് ശർമയും ശുഭ്മൻ ഗില്ലുമായിരിക്കും ഫൈനലിൽ ടീം ഇന്ത്യയുടെ ഓപ്പണർമാർ. മത്സരത്തിനുള്ള ആദ്യ ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലെത്തി പരിശീലനം തുടങ്ങി.

English Summary: WTC Final: Yashasvi Jaiswal replaces Ruturaj Gaikwad as stand-by opener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com