ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) മിന്നും താരങ്ങളിലൊരാളായ മോഹിത് ശർമയുടെ ഈ സീസണിലെ നേട്ടത്തിന് തിളക്കം ഏറെയാണ്. 13 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റാണാണ് ഗുജറാത്ത് ടെറ്റൻസ് താരം ഇതു വരെ സ്വന്തമാക്കിയിരുന്നത്. ഇത്തവണ ഐപിഎല്ലിൽ ഇതുവരെ ഏറ്റവുമധികം വിക്കറ്റ് നേടിയ മൂന്നാമത്തെ താരം മോഹിത് ശർമയാണ്. കഴിഞ്ഞ സീസണിൽ മോഹിത് ഗുജറാത്ത് ടൈറ്റൻസിന്റെ നെ‌റ്റ് ബോ‌ളർ ആയിരുന്നു.

ഒരുകാലത്ത് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ വജ്രായുധമായിരുന്ന താരത്തിന്‍റെ കരിയർ അവസാനിച്ചുവെന്ന് പലരും വിധിയെഴുതിയ നാളുകൾ.  ഇന്ത്യൻ ജഴ്സിയിൽ രണ്ടു ലോകകപ്പ് കളിച്ചിട്ടുള്ള താരം 2014ലെ ‌ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബോ‌ളർക്കുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അവിടെ നിന്നാണ് കരിയറിലെ ഏറ്റവും വലിയ തിരിച്ചടി മോഹിത് നേരിട്ടത്.

ക്ഷമയോടെ മികച്ച പ്രകടനം നെ‌റ്റ് ബോ‌ളർ എന്ന നിലയിൽ കാഴ്ച്ചവച്ചതോടെ 34 കാരനായ മോഹിത് ശർമയെ ഗുജറാത്ത് ടെറ്റൻസ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു. 2014ലെ ‌ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച മോഹിത് ശർമ, 16 മത്സരങ്ങളിൽനിന്ന് 19.65 ശരാശരിയിൽ 23 വിക്കറ്റുകൾ സ്വന്തമാക്കിയാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായത്. കഴിഞ്ഞ തവണ മോഹിത് ശർമ ഐപിഎലിൽ താരലേലത്തിന് പേര് റജിസ്റ്റർ ചെയ്തിരുന്നെ‌ങ്കിലും ആരും വാങ്ങാനെത്തിയില്ല. ഇതോടെയാണ് ഗുജറാത്ത് ടൈറ്റൻസിനൊപ്പം നെ‌റ്റ് ബോ‌ളറായി ചേർന്നത്.

2013 മുതൽ 2015 വരെയാണ് മോഹിത് ശർമ ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്രസിങ് ധോണിക്കു കീഴിൽ കളിച്ചത്. അതിനുശേഷം 2016 മുതൽ 2018 വരെ പഞ്ചാബ് കിങ്സിനായി കളിച്ചു. 2019ൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തി. പിന്നീട് 2020ൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചു.

ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സിന് രണ്ടു വർഷത്തെ വിലക്കു ലഭിച്ചതോടെയാണ് മോഹിത് ശർമയുടെ കരിയർ ഗ്രാഫ് താഴേയ്ക്കു പോയത്. പിന്നീട് പഞ്ചാബ് കിങ്സിനായി കളിച്ചെ‌ങ്കിലും ചെന്നൈ സൂപ്പർ കിങ്സിലെ മികവു തുടരാനായില്ല. 2019ൽ ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയപ്പോ‌ഴും പഴയ മികവിന്റെ നിഴൽ മാത്രമായി ഒതുങ്ങി.

English Summary:  Come back story of mohit sharma 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com