മോദി സ്റ്റേഡിയത്തിൽ മദ്യപിച്ചെത്തിയ പൊലീസുകാരനെ തള്ളിയിട്ട് യുവതി; വിഡിയോ വൈറൽ

woman-clashes-with-drunk-cop
പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട യുവതി (വിഡിയോ ദൃശ്യത്തിൽനിന്ന്)
SHARE

അഹമ്മദാബാദ്∙ കനത്ത മഴ മൂലം മാറ്റിവച്ച ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ക്രിക്കറ്റ് ഫൈനൽ മത്സരം കാണാനെത്തിയ ആരാധാകരിലൊരാൾ‌ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഞായറാഴ്ച, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ ഒരു യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിടുന്നത്. വൈകിട്ട് മഴ ആരംഭിക്കുന്നതിന് മുൻപ്, ഗാലറി ഏറെക്കുറെ ശൂന്യമായ വേളയിലാണ് സംഭവം നടക്കുന്നതെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്.

പൊലീസുകാരന്റെ കൈ യുവതി തട്ടിമാറ്റുന്നതും കഴുത്തിൽ പിടിച്ച് ബലമായി നിലത്തേക്ക് തള്ളുന്നതും വിഡിയോയിൽ കാണാം. ഇരുവരും ഇതിനിടയിൽ വാക്കുതർക്കത്തിലും ഏർപ്പെടുന്നുണ്ട്. കസേരകൾക്കിടയിലേക്ക് ചെന്നു വീണ പൊലീസുകാരൻ, യുവതിയുടെ അടുത്തേയ്ക്കു ചെല്ലുകയും വീണ്ടും യുവതി തള്ളിയിടുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷം ഒന്നും മിണ്ടാതെ പൊലീസ് ഉദ്യോഗസ്ഥൻ നടന്നുനീങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച, അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം കാണാനെത്തിയവര്‍ക്ക് കടുത്ത നിരാശയാണുണ്ടായത്. വൈകിട്ടോടെ ആരംഭിച്ച ശക്തമായ മഴ രാത്രി വൈകിയും തുടർന്നതോടെ ടോസ് പോലും നടത്താനായില്ല. നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ആവേശത്തോടെ എത്തിയ ഒന്നേകാൽ ലക്ഷത്തോളം കാണികൾ ഇതോടെ നിരാശരായി. രാത്രി 9.30നു മുൻപായി മഴ മാറിയെങ്കിൽ 20 ഓവർ മത്സരവും 12 മണിയോടെയാണ് മഴ ശമിക്കുന്നതെങ്കിൽ 5 ഓവർ മത്സരവും നടത്താനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ മഴ തുടർന്നതോടെ മത്സരം റിസർവ് ദിവസമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

English Summary: Woman clashes with ‘drunk’ cop at Ahmedabad's Narendra Modi Stadium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS