ADVERTISEMENT

അഹമ്മദാബാദ്∙ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐപിഎൽ കിരീടം നേടിക്കൊടുത്തിനു പിന്നാലെ വിരമിക്കൽ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനവുമായി ക്യാപ്റ്റൻ എം.എസ്.ധോണി. വിരമിക്കാൻ ഏറ്റവും അനുയോജ്യ സമയമാണെങ്കിലും ആരാധകർക്കുവേണ്ടി അടുത്ത സീസണിലും കളിക്കാൻ ശ്രമിക്കുമെന്നും ഉടൻ വിരമിക്കൽ തീരുമാനം ഇല്ലെന്നും ഫൈനലിനു ശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു.

‘‘സാഹചര്യമനുസരിച്ച് വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. എന്നോട് കാണിച്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അളവ് നോക്കുകയാണെങ്കിൽ ഏറ്റവും എളുപ്പമുള്ള കാര്യവും അതാണെന്ന് തോന്നു. എല്ലാവരോടും ‘വളരെ നന്ദി’ എന്നു പറഞ്ഞ് വിരമിക്കുക. പക്ഷേ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യം ഒമ്പത് മാസത്തോളം കഠിനാധ്വാനം ചെയ്ത് തിരികെ വന്ന് ഐപിഎലിൽ ഒരു സീസണെങ്കിലും കൂടി കളിക്കുക എന്നതാണ്. എന്നാൽ അതന്റെ ശാരീരികക്ഷമത കൂടി ആശ്രയിച്ചിരിക്കും. തീരുമാനമെടുക്കാൻ 6–7 മാസം കൂടി ഉണ്ട്. ഇത് എന്റെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനം പോലെയാണ്. ഇത് എനിക്ക് ഒട്ടും എളുപ്പമല്ല, പക്ഷേ അവർ കാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും ഇതെങ്കിലും ഞാൻ തിരിച്ചുകൊടുക്കണം.’’– ധോണി പറഞ്ഞു.

ജയവും തോല്‍വിയുമൊന്നും അധികം ബാധിക്കാറില്ലെങ്കിലും പതിവില്ലാത്ത വിധം വികാരാധീനനായോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് അതു സ്വാഭാവികമാണെന്നായിരുന്നു ധോണിയുടെ മറുപടി. ‘‘കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. അതുകൊണ്ടുതന്നെ ആരാധകര്‍ നല്‍കിയ സ്നേഹവും പിന്തുണയും കണ്ടപ്പോഴും സ്റ്റേഡിയം മുഴവന്‍ എന്‍റെ പേര് ഉറക്കെ വിളിച്ചപ്പോഴും അവരെ നോക്ക നിന്ന നിമിഷം എന്‍റെ കണ്ണ് നിറഞ്ഞിരുന്നു. ആ നിമിഷം ഡഗ്ഔട്ടില്‍ കുറച്ചു നേരം ഞാന്‍ നിന്നു. കരിയറിലെ അവസാന നിമിഷങ്ങളാണിത്, ഇത് ഞാന്‍ ആസ്വദിക്കുകയാണ് വേണ്ടതെന്ന് പീന്നീട് തിരിച്ചറിഞ്ഞു, ചെന്നൈയില്‍ അവസാന മത്സരം കളിച്ചപ്പോഴും അങ്ങനെതന്നെയായിരുന്നു. വീണ്ടും അവിടെയെത്തി കളിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.’’ ധോണി കൂട്ടിച്ചേർത്തു.

ആവേശം പരകോടിയിലെത്തിയ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് 5 വിക്കറ്റിനാണ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 214. ചെന്നൈ 15 ഓവറിൽ 5ന് 171 (ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം). മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അളന്നു മുറിച്ച യോർക്കറുകളുമായി ആദ്യ 4 പന്തുകളിൽ മോഹിത് വിട്ടുകൊടുത്തത് 3 റൺസ് മാത്രം. അവസാന 2 പന്തിൽ വേണ്ടത് 10 റൺസ്. സ്ട്രൈക്കിൽ രവീന്ദ്ര ജഡേജ. മറ്റൊരു യോർക്കറിനായുള്ള മോഹിത്തിന്റെ ശ്രമം ഒരിഞ്ച് വ്യത്യാസത്തിൽ മാറിയപ്പോൾ പന്ത് ലോങ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ സിക്സർ. അവസാന പന്തിൽ വേണ്ടത് 4 റൺസ്. മോഹിത് ശർമയുടെ മറ്റൊരു യോർക്കറിനായുള്ള ശ്രമം ലെഗ് സൈഡിൽ ലോ ഫുൾടോസായി മാറി. ഫ്ലിക് ഷോട്ടിലൂടെ ജഡേജ പന്ത് ഫൈൻ ലെഗ് ബൗണ്ടറി കടത്തിയതോടെ ചെന്നൈ ഓടിക്കയറിയത് അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക്.

English Summary: "A Gift From My Side...": MS Dhoni's Huge Update On Retirement After CSK's IPL 2023 Title Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com