ADVERTISEMENT

അഹമ്മദാബാദ്∙ ഐപിഎൽ പതിനാറാം സീസണിന്റെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടം സർവ്വം ധോണി മയമായിരുന്നു. ഒരു പരിധിവരെ ടൂർണമെന്റ് മുഴുവൻ അങ്ങനെ തന്നെയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ, ധോണി വന്നതും ചെയ്തതും പറഞ്ഞതുമെല്ലാം ചർച്ചയായി. അത് ഏറ്റവും ചെറിയ കാര്യമാണെങ്കിൽ പോലും ധോണി എന്ന നാമം അതിനു പ്രാധാന്യം നൽകി.

ഒരു കായികതാരത്തിന്റെ ജനപ്രീതിക്ക് അവർ കളിക്കളത്തിന് പുറത്ത് എങ്ങനെയാണെന്നതിനെ കൂടി ആശ്രയിച്ചിരിക്കും. തോൽവികളെ അവർ എങ്ങനെ അഭിമുഖീകരിക്കുന്നു, വിജയത്തിൽ അഹങ്കരിക്കുമോ, വ്യത്യസ്ത സാഹചര്യങ്ങളിൽ അവൻ എങ്ങനെ പെരുമാറുന്നു എന്നതൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. വൈറ്റ്-ബോൾ ക്രിക്കറ്റ് കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച കീപ്പർ-ബാറ്ററും ക്യാപ്റ്റനും ധോണിയാണോ എന്നതിനെക്കുറിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം, പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റത്തിന് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ വിമർശകരിൽനിന്നു പോലും മുഴുവൻ മാർക്കും ലഭിക്കും. ഇത് ഒരുപക്ഷേ, അദ്ദേഹത്തിന്റെ താരപദവിക്ക് പിന്നിലെ ഏറ്റവും വലിയ കാരണമായിരിക്കാം.

ഫൈനൽ പോരാട്ടത്തിൽ, വിജയത്തിലേക്ക് അവസാന പന്തിൽ 4 റൺസ് വേണ്ടിയിരുന്ന ചെന്നൈയ്ക്കു വേണ്ടി, ഗുജറാത്ത് ബോളർ മോഹിത് ശർമയുടെ ലോ ഫുൾടോസ് പന്ത്, ഫ്ലിക് ഷോട്ടിലൂടെ രവീന്ദ്ര ജഡേജ ബൗണ്ടറി കടത്തിയപ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആവേശം പരകോടിയിലെത്തുകയായിരുന്നു. ജഡേജ വായുവിൽ കൈകൾ ഉയർത്തി, ലക്ഷ്യസ്ഥാനമില്ലാതെ മൈതാനത്തിലൂടെ ഓടി. ചെന്നൈ താരങ്ങൾ ജ‍ഡേജയുടെ അടുത്തേയ്ക്ക് പാഞ്ഞു. പക്ഷേ ഡഗ്ഔട്ടിൽ നിർവികാരനായി, കണ്ണുകൾ അടച്ച് ധോണി എന്ന ക്യാപ്റ്റൻ ഇരിക്കുകയായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ എന്തെല്ലാമാകാം? യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ അദ്ദേഹം ബുദ്ധിമുട്ടിയോ?

ഡഗ്ഔട്ടിൽ കണ്ണടച്ച് ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങൾ വൈറലായതോടെ ഇതു സംബന്ധിച്ച് ചർച്ചകളും വ്യാപകമായി. അവസാന പന്തിനുശേഷമാണോ അതോ അതിനു തൊട്ടുമുൻപാണോ ധോണി ഇങ്ങനെ ഇരുന്നതെന്നാണ് തർക്കവിഷയം. ടിവി ദൃശ്യങ്ങളിലുണ്ടായ സാങ്കേതിക പിഴവാണോ എന്നാണ് സംശയം. ലഭ്യമായ ദൃശ്യങ്ങൾ നിരീക്ഷിച്ചാൽ, മോഹിത് ശർമ അവസാന പന്ത് എറിയുന്നതിനു തൊട്ടുമുൻപ്, സിഎസ്‌കെ ഡഗ്ഔട്ടിൽ കണ്ണടച്ച് ഇരിക്കുന്ന ധോണിയുടെ നേരെ ക്യാമറകൾ തിരിഞ്ഞപ്പോൾ ഫ്രെയിം ഒരു നിമിഷത്തേക്ക് നിശ്ചലമായി. ഇതേ ഫ്രെയിം രണ്ടുതവണ കൂടി ആവർത്തിച്ചു - മോഹിത് റൺ-അപ്പ് ആരംഭിച്ചപ്പോഴും ഒടുവിൽ ജഡേജ വിജയറൺ നേടിയപ്പോഴും.

സാങ്കേതിക പിഴവാണോ അതോ വൈറലാകുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അവസാന ഓവറിലാണ് ധോണി കണ്ണടച്ചിരുന്നത് എന്നത് ഉറപ്പിക്കാം. അവസാന പന്ത് എറിയുന്നത് തൊട്ടുമുൻപും ജഡേജ വിജയറൺ നേടിയശേഷവും ആകാൻ തന്നെയാണ് എല്ലാ സാധ്യതയും. അൽപസമയത്തിനുശേഷം, അഹ്ലാദത്തോടെ ഓടിയെത്തിയ ജ‍ഡേജയെ വികാരനിർഭരമായി ധോണി എടുത്തുയുർത്തിയതും ക്രിക്കറ്റ് ആരാധകരുടെ മനസ്സ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു.

English Summary: The truth behind MS Dhoni's eyes-closed visual before and after Jadeja's heist in last over of IPL 2023 final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com