ADVERTISEMENT

അഹമ്മദാബാദ് ∙ ആവേശം പരകോടിയിലെത്തിയ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് 5 വിക്കറ്റിനാണ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അളന്നു മുറിച്ച യോർക്കറുകളുമായി ആദ്യ 4 പന്തുകളിൽ മോഹിത് വിട്ടുകൊടുത്തത് 3 റൺസ് മാത്രം. അവസാന 2 പന്തിൽ വേണ്ടത് 10 റൺസ്. സ്ട്രൈക്കിൽ രവീന്ദ്ര ജഡേജ. മറ്റൊരു യോർക്കറിനായുള്ള മോഹിത്തിന്റെ ശ്രമം ഒരിഞ്ച് വ്യത്യാസത്തിൽ മാറിയപ്പോൾ പന്ത് ലോങ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ സിക്സർ. അവസാന പന്തിൽ വേണ്ടത് 4 റൺസ്. മോഹിത് ശർമയുടെ മറ്റൊരു യോർക്കറിനായുള്ള ശ്രമം ലെഗ് സൈഡിൽ ലോ ഫുൾടോസായി മാറി. ഫ്ലിക് ഷോട്ടിലൂടെ ജഡേജ പന്ത് ഫൈൻ ലെഗ് ബൗണ്ടറി കടത്തിയതോടെ ചെന്നൈ ഓടിക്കയറിയത് അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക്. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 214. ചെന്നൈ 15 ഓവറിൽ 5ന് 171 (ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം).

മറുപടി ബാറ്റിങ് തുടങ്ങി ആദ്യ ഓവറിൽ തന്നെ മഴ കളി മുടക്കിയതോടെ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 ആയി പുനർനിർണയിച്ചിരുന്നു. തുടക്കം തൊട്ട് ആക്രമിച്ചു കളിച്ച ഋതുരാജ് ഗെയ്ക്‌വാദും (16 പന്തിൽ 26) ഡെവൻ കോൺവെയും (25 പന്തിൽ 47) ചെന്നൈയ്ക്ക് ആശിച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 6.2 ഓവറിൽ 74 റൺസ് ചേർത്ത ഇരുവരും ചേർന്ന് ചെന്നൈയ്ക്ക് അനായാസ ജയം നേടിക്കൊടുക്കുമെന്ന് തോന്നിച്ചപ്പോഴാണ് ഏഴാം ഓവറിൽ ഇരുവരെയും പുറത്താക്കി നൂർ അഹമ്മദ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെയെത്തിയ അജിൻക്യ രഹാനെ (13 പന്തിൽ 27) റൺറേറ്റ് താഴാതെ നോക്കി. മോഹിത് ശർമ എറിഞ്ഞ 13–ാം ഓവറിൽ ആദ്യ മൂന്നു പന്തിൽ 16 റൺസ് നേടി അമ്പട്ടി റായുഡു ചെന്നൈയുടെ ജയം ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും അടുത്തടുത്ത പന്തുകളിൽ റായുഡുവിനെയും (8 പന്തിൽ 19) എം.എസ്.ധോണിയെയും (0) പുറത്താക്കി മോഹിത് ഗുജറാത്തിന്റെ പ്രതീക്ഷകൾ സജീവമാക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശിവം ദുബെ (21 പന്തിൽ 32 നോട്ടൗട്ട്) ചെന്നൈയെ വിജയതീരത്തെത്തിച്ചപ്പോൾ അവസാന ഓവറിലെ അവിശ്വനീയ ബൗണ്ടറികളുമായി ചെന്നൈക്ക് അ‍ഞ്ചാം കപ്പ് നേടിക്കൊടുക്കാനുള്ള നിയോഗം ജഡേജയ്ക്കായിരുന്നു.

നേരത്തേ കളിയുടെ തുടക്കത്തിൽ മഴ മാറിനിന്നപ്പോൾ അഹമ്മദാബാദിൽ ഇടിവെട്ടിപ്പെയ്തത് തമിഴ്നാട്ടിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരൻ സായ് സുദർശനായിരുന്നു. 47 പന്തിൽ 96 റൺസ് അടിച്ചു കൂട്ടിയ വൺഡൗൺ ബാറ്റർ സായിയുടെ മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഇരുനൂറു കടന്നത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും (20 പന്തിൽ 39) വൃദ്ധിമാൻ സാഹയും (39 പന്തിൽ 54) നൽകിയ മികച്ച തുടക്കമാണ് സായ് മുതലാക്കിയത്. ബാറ്റർമാരുടെ പറുദീസയായി മാറുമെന്ന് ഉറപ്പുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിൽ ടോസ് ജയിച്ച ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന ഗില്ലും ഐപിഎൽ ഫൈനലിൽ സെ‍ഞ്ചറി നേടിയിട്ടുള്ള ഏക ഇന്ത്യൻ താരമെന്ന നേട്ടം പേരിലുള്ള (2014 ഫൈനലിൽ) സാഹയും ആക്രമണ മനസ്സോടെയാണ് തുടങ്ങിയത്. 

പവർപ്ലേ അവസാനിക്കുമ്പോൾ 62 റൺസായിരുന്നു ഗുജറാത്തിന്റെ സ്കോർ. മത്സരം ചെന്നൈയുടെ കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്താണ് രവീന്ദ്ര ജഡേജയുടെ പന്തിൽ ഒരു ക്ലാസിക്കൽ സ്റ്റംപിങ്ങിലൂടെ ധോണി ഗില്ലിനെ പുറത്താക്കുന്നത്. ചെന്നൈ ടീമിനെയും ആരാധകരെയും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഈ വിക്കറ്റായിരുന്നു. അധികം വൈകാതെ സാഹയും പുറത്തായതോടെ ഗുജറാത്തിന്റെ സ്കോറിങ് വേഗം കുറഞ്ഞു. എന്നാൽ പതിയെത്തുടങ്ങിയ സായ് സുദർശൻ ഫോമിലായതോടെ കളി മാറി. 6 സിക്സും 8 ഫോറുമായി സായ് ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. നാലാമനായി എത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് (12 പന്തിൽ 21 നോട്ടൗട്ട്) ടീം ടോട്ടൽ 200 കടത്തുകയെന്ന ജോലി മാത്രമാണ് ഉണ്ടായത്.

കപ്പിലേക്കുള്ള ചെന്നൈ ലീഗ് ഘട്ടം (എതിരാളികൾ, മത്സരഫലം)

∙ ഗുജറാത്ത്– തോൽവി

∙ ലക്നൗ– ജയം

∙ മുംബൈ– ജയം

∙ രാജസ്ഥാൻ– തോൽവി

∙ ബാംഗ്ലൂർ– ജയം

∙ ഹൈദരാബാദ്– ജയം

∙ കൊൽക്കത്ത– ജയം

∙ രാജസ്ഥാൻ– തോൽവി

∙ പഞ്ചാബ്– തോൽവി

∙ ലക്നൗ– ഫലമില്ല

∙ മുംബൈ– ജയം

∙ ഡൽഹി– ജയം

∙ കൊൽക്കത്ത– തോൽവി

∙ ഡൽഹി– ജയം

∙ ക്വാളിഫയർ 1 ഗുജറാത്ത്– ജയം

∙ ഫൈനൽ ഗുജറാത്ത്– ജയം

English Summary : Chennai Super Kings wins IPL final match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com