ADVERTISEMENT

കോട്ടയം∙ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ നായകമികവിനെയും സൈനികസേവനത്തിൽ അദ്ദേഹത്തിനുള്ള ആത്മാർഥതയെയും പുകഴ്ത്തി ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ്. ഒരു നല്ല ലീഡർക്ക് മാത്രമേ വിജയം പങ്ക്‌വയ്ക്കാനാകൂ എന്ന് ഐപിഎൽ ട്രോഫി അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നിവരെക്കൊണ്ട് ഏറ്റുവാങ്ങിച്ച ധോണിയെ ചൂണ്ടിക്കാട്ടി ഹേമന്ത് രാജ് പറഞ്ഞു.

പരാജയം എന്റെ സ്വന്തമാണ്, എനിക്കാണ് അതിന്റെ പൂർണ ഉത്തരവാദിത്വം എന്ന് പറയാനുള്ള ചങ്കൂറ്റവും വിജയം പങ്ക്‌വയ്‌ക്കാനുള്ളതാണെന്ന തിരിച്ചറിവുമാണ് ലീഡർഷിപ്പിന്റെ ഏറ്റവും വലിയ ശക്തി. അതുകൊണ്ടാണ് ധോണി നയിച്ചിട്ട് തോറ്റാലും കുഴപ്പമില്ലെന്ന് അറിയാതെ പറഞ്ഞു പോകുന്നതെന്നും ഹേമന്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. 2019ൽ ലഫ്റ്റനന്റ് കേണൽ പദവി ലഭിച്ചശേഷം എം.എസ്.ധോണി ആർമിക്കൊപ്പം പരിശീലനം നേടി പട്രോളിങ് നടത്തിയ വ്യക്തിയാണെന്നും എല്ലാ വർഷവും കുറച്ച് ദിവസങ്ങൾ അദ്ദേഹം ആർമി ഡ്യൂട്ടിക്കായി എത്താറുണ്ടെന്നും ഹേമന്ത് രാജ് ഓർമിച്ചു.

ലഫ്.കേണൽ ഹേമന്ത് രാജിന്റെ കുറിന്റെ പൂർണരൂപം:

കഴിഞ്ഞ കുറെ വർഷക്കാലങ്ങൾക്കിടയിൽ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് പലർക്കും ഇന്ത്യൻ ആർമിയുടെ ലെഫ്റ്റനന്റ് കേണൽ പദവി നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. അതിൽ ചലച്ചിത്ര താരങ്ങളും സ്പോർട്സ് താരങ്ങളുമൊക്കെയുണ്ട്. സച്ചിൻ, കപിൽദേവ് തുടങ്ങി ലോകശ്രദ്ധയിലേക്ക് ഇന്ത്യയെ എത്തിച്ച ഒരുപാട് പേരുകൾ ആ ലിസ്‌റ്റിൽ നമുക്ക് കാണാനാകും. അതിൽ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് മഹേന്ദ്ര സിങ് ധോണി എന്ന പേരാണ്. 2019ൽ ലഫ്റ്റനന്റ് കേണൽ പദവി ലഭിച്ച എം.എസ്.ധോണി ആർമിക്കൊപ്പം പരിശീലനം നേടി പട്രോളിങ് നടത്തിയ ആളാണ്. അതും പാരച്യൂട്ട് റെജിമെന്റിനൊപ്പം. പാര റെജിമെന്റ് പരിശീലനത്തിന് വേണ്ടി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് അദ്ദേഹം ഒഴിവായത് അന്ന് വാർത്തയായിരുന്നു.

ആർമിക്കൊപ്പം നിന്ന് മൂന്നുമാസം പ്രൊബേഷൻ ചെയ്ത്, ഫിറ്റ്നസ് ടെസ്റ്റുകൾ ചെയ്ത്, ട്രെയിനിങ് നേടി മികച്ചരീതിയിൽ പദവി സ്വീകരിച്ചയാൾ എന്ന നിലയിൽ എനിക്കെപ്പോഴും എം.എസ്.ധോണിയോട് ബഹുമാനമാണ്. എല്ലാവർഷവും കുറച്ച് ദിവസങ്ങൾ അദ്ദേഹം ആർമി ഡ്യൂട്ടിക്കായി എത്താറുണ്ട്. കൂടെയുള്ളവരെയും താഴെയുള്ളവരെയും ഒരേപോലെ മോട്ടിവേറ്റ് ചെയ്തിട്ടാകും മടക്കം. പലപ്പോഴും ധോണി നേരിട്ടും അല്ലാതെയും പറഞ്ഞു കേട്ട കാര്യമാണ് കളിയിൽ നിന്നും റിട്ടയർ ആയാൽ ആർമിക്കായി കൂടുതൽ സമയം മാറ്റി വെക്കും എന്നുള്ളത്. അതേ പദവി വഹിക്കുന്ന ഒരാളെന്ന നിലയിൽ ആർമിക്ക് അദ്ദേഹം നൽകുന്ന ബഹുമാനത്തിൽ ഞാൻ എത്രമാത്രം സന്തോഷിക്കുന്നു എന്ന് പറഞ്ഞറിയിക്കാനാവില്ല.

ഇന്നലെ നടന്ന ഐപിഎല്ലിൽ, വിജയകിരീടവുമായിനിന്ന് ധോണി പറഞ്ഞ വാക്കുകൾ ഒരു ലീഡർ എന്താവണം എന്നുകൂടി പറഞ്ഞു തരികയാണ്. ഈ സീസണിലുടനീളം വിരമിക്കല്‍ സൂചനകള്‍ നൽകിയിരുന്ന ധോണിയോട് 'വിരമിക്കൽ എന്നാണ്' എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം നമ്മൾ ഫ്രെയിം ചെയ്തു വെക്കേണ്ട ഒന്നാണ്. "ഇപ്പോൾ ഈ നിമിഷം വിജയത്തിൽ നിന്നുകൊണ്ട് വിരമിക്കല്‍ അറിയിക്കാൻ ഏറ്റവും എളുപ്പമാണ്. പക്ഷെ ഒമ്പത് മാസത്തോളം കഠിന പ്രയത്‌നം നടത്തി അടുത്ത ഐപിഎല്‍ കളിക്കുകയെന്നത് പ്രയാസകരവുമായ കാര്യവുമാണ്.അത് ഒട്ടും എളുപ്പമല്ല. മറ്റുള്ളവർക്ക് വേണ്ടി എനിക്ക് അതാണ് ചെയ്യാൻ തോന്നുന്നത്. " അതെ വിജയത്തിന്റെ ഔന്നത്യത്തിൽ നിന്നും എല്ലാം അവസാനിപ്പിക്കുവാൻ എളുപ്പമാണ്. പക്ഷേ വീണ്ടും കഠിനപ്രയത്നം ചെയ്യണം എന്ന ആഗ്രഹമാണ് ഒരു ലീഡറെ ലീഡറാക്കുന്നത്.

ഒരു ഹൈലൈറ്റ് കൂടിയുണ്ട് .. കിരീടനേട്ടത്തിന് പിന്നാലെ ട്രോഫി വാങ്ങാൻ പോയത് ക്യാപ്റ്റനായ ധോണി ഒറ്റയ്ക്കല്ല. അമ്പട്ടി റായുഡുവിനും ജഡേജയ്ക്കും ഒപ്പമാണ് അദ്ദേഹം ഇറങ്ങിയത്. അവരാണ് കിരീടം ഏറ്റുവാങ്ങിയത് .ബാറ്ററായ അമ്പട്ടി റായുഡു വിരമിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാം. മുന്‍ ഇന്ത്യന്‍ ദേശീയ ടീം അംഗം കൂടിയായ റായുഡുവിന് ധോണി നൽകിയ ഒരു ട്രിബ്യുട്ട് ആയി മാറി ഇന്നലത്തെ ആ വിജയകിരീടം. ഒപ്പം ഇന്നലത്തെ കളിയുടെ അവസാന ഓവറുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയും. ഒരു നല്ല ലീഡർക്ക് മാത്രമേ ഒരു വിജയം ഇങ്ങനെ പങ്കുവയ്‌ക്കാനാവൂ.
പരാജയം എന്റെ സ്വന്തമാണ്, എനിക്കാണ് അതിന്റെ പൂർണ ഉത്തരവാദിത്വം എന്ന് പറയാനുള്ള ചങ്കൂറ്റവും വിജയം പങ്ക്‌വയ്‌ക്കാനുള്ളതാണ് എന്ന തിരിച്ചറിവുമാണ് ഒരു ലീഡര്ഷിപ്പിന്റെ ഏറ്റവും വലിയ ശക്തി. അതുകൊണ്ടാണ് ധോണി നയിച്ചിട്ട് തോറ്റാലും കുഴപ്പമില്ല എന്ന് നമ്മൾ അറിയാതെ പറഞ്ഞു പോകുന്നത്. അതുകൊണ്ടാണ് സിഎസ്‌കെ ഒരു ടീമെന്നതിലുപരിയായി വികാരമായി മാറുന്നത്. അതുകൊണ്ട് തന്നെയാണ് സിഎസ്‌കെയുടെ വിജയം എല്ലാവർക്കും അതിരുകളില്ലാത്ത ആഘോഷമായി മാറുന്നതും.

ധോണി എന്ന ലീഡർ പകർന്നു നൽകുന്ന ഈ ആശയം കളിക്കളത്തിൽ മാത്രമല്ല ഏതൊരു ടീമിനെ നയിക്കുന്നവരും അറിയേണ്ട കാര്യമാണ്. നല്ല ക്യാപ്റ്റൻ ഉണ്ടായെങ്കിൽ മാത്രമേ നല്ല ടീം വർക്കും നേട്ടങ്ങളും ഉണ്ടാവുകയുള്ളൂ.അത് തന്നെയാണ് ക്യാപ്റ്റൻ എന്ന നിലയിൽ മനുഷ്യൻ എന്ന നിലയിൽ മഹേന്ദ്ര സിങ് ധോണി നമ്മളെ പഠിപ്പിക്കുന്നതും.

English Summary: Lt.col.Hemant Raj on MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com