ADVERTISEMENT

പുണെ∙ വിജയകരമായ മറ്റൊരു ഐപിഎൽ സീസൺ കൂടിയാണ് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ ഋതുരാജ് ഗെയ്‌ക്‌വാദിനു കടന്നുപോയത്. ഫൈനലിലുൾപ്പെടെ ടൂർണമെന്റിലുടനീളം ചെന്നൈയുടെ വിജയത്തിൽ ഗെയ്‌ക്‌വാദിന്റെ സംഭാവന നിർണകമായി. ഒന്നാം വിക്കറ്റിൽ ഗെയ്‌ക്‌വാദ്– കോൺവേ സഖ്യത്തിന്റെ പ്രകടനത്തെ ആശ്രയിച്ചായിരുന്നു ടൂർണമെന്റിൽ ചെന്നൈയുടെ വിജയങ്ങൾ. ഐപിഎലിൽ രണ്ടാം ട്രോഫിയാണ് ഗെയ്‌ക്‌വാദ് ഇത്തവണ സ്വന്തമാക്കിയത്. ചെന്നൈ ഐപിഎൽ കിരീടം നേടിയ 2021ൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും ഗെയ്‌ക്‌വാദായിരുന്നു.

ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുന്ന ഗെയ്‌ക്‌വാദിനെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ ഓപ്പണറായി ഉൾപ്പെടെത്തിയിരുന്നു. ജൂൺ 3ന് വിവാഹിതനാകുന്നതിനാൽ ടീമിനൊപ്പം ചേരാൻ സാധിക്കില്ലെന്ന് ഗെയ്ക്‌വാദ് അറിയിച്ച സാഹചര്യത്തിൽ ഐപിഎലിൽ തിളങ്ങിയ മറ്റൊരു ഓപ്പണറായ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിനെ പകരക്കാരനായി ടീമിലുൾപ്പെടുത്തി. ജൂൺ 7 മുതൽ 12 വരെ ഓവലിലാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കുന്നത്. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.

ഐപിഎൽ ഫൈനലിനുശേഷം, ട്രോഫിയുമായി ഫോട്ടോയ്ക്കു പോസ് ചെയ്ത ചെന്നൈ താരങ്ങളുടെയും പങ്കാളികളുടെയും ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രവീന്ദ്ര ജഡേജ, ദീപക് ചെഹർ, അജിങ്ക്യ രഹാനെ, മൊയീൻ അലി തുടങ്ങിയവരെല്ലാം അവരവരുടെ പങ്കാളികൾക്കൊപ്പം ട്രോഫിയുമായി ഫോട്ടോയ്ക്കു പോസ് ചെയ്തു. എന്നാൽ കൂട്ടത്തിൽ ഋതുരാജ് ഗെയ്ക്‌വാദിന്റെ ചിത്രമാണ് ആരാധകർ ഏറെ ചർച്ച ചെയ്തത്. ‘എന്റെ ജീവിതത്തിലെ വിവിഐപികൾ’ എന്ന കുറിപ്പോടെ പ്രതിശ്രുത വധുവിനും ക്യാപ്റ്റൻ എം.എസ്.ധോണിക്കും ഒപ്പമുള്ള ചിത്രം ഗെയ്ക്‌വാദ് പങ്കുവച്ചതാണ് ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ ഭാവി ഭാര്യയെ കണ്ടു നല്ല പരിചയമുണ്ടല്ലോ എന്നായിരുന്നു പലരുടെയും കമന്റുകൾ.

മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് താരമായ ഉത്കർഷ പവാറാണ് ഋതുരാജ് ഗെയ്‌‌ക്‌വാദിന്റെ പ്രതിശ്രുത വധു. പുണെ സ്വദേശിയായ ഈ ഇരുപത്തിനാലുകാരി, വലംകയ്യൻ ബാറ്ററും പേസറുമായ ഓൾറൗണ്ടറാണ്. 2012-13, 2017-18 സീസണുകളിൽ മഹാരാഷ്ട്ര അണ്ടർ-19 ടീമിൽ അംഗമായിരുന്നു. പിന്നീടാണ് സീനിയർ ടീമിലേക്ക് എത്തിയത്. എങ്കിലും 18 മാസം മുൻപാണ് ഉത്‌കർഷ അവസാനമായി കളത്തിലിറങ്ങിയത്. നിലവിൽ പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ആൻഡ് ഫിറ്റ്നസ് സയൻസസിൽ (ഐഎൻഎഫ്എസ്) പഠിക്കുകയാണ്.

പുണെ സ്വദേശിയായ ഋതുരാജ് ഗെയ്‌ക്‌വാദ് മഹാരാഷ്ട്ര പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ഇരുപത്തിയേഴു വയസ്സുകാരനായ ഗെയ്‌ക്‌വാദും ഉത്‌കർഷയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നെന്നാണ് വിവരം. കഴിഞ്ഞ വർഷം. ഗെയ്‌ക്‌വാദും ഉത്‌കർഷയും ജിമ്മിൽ ഒരുമിച്ച് വർക്ക്ഔട്ട് ചെയ്യുന്നതിനിടയിലുള്ള ചിത്രം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഗെയ്‌ക്‌വാദിന്റെ പ്രണയത്തെക്കുറിച്ച് ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയത്. ആരാണ് ആ ‘മിസ്റ്ററി ഗേൾ’ എന്ന തരത്തിലായിരുന്നു ചർച്ചകൾ. മുൻപ് മറാഠി നടി സയാലി സജീവുമായി ചേർത്തും ഗെയ്‌‌ക്‌വാദിനെക്കുറിച്ച് ഗോസിപ്പുകൾ ഉണ്ടായിരുന്നു.

English Summary: Who Is Utkarsha Pawar? Ruturaj Gaikwad's Wife-To-Be Who Played Cricket For Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com