‘ട്വന്റി20 ഹാങ്ഓവറിൽ’ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഇന്ത്യ; സാഹയെ തഴഞ്ഞത് സാഹസം?

HIGHLIGHTS
  • ഇന്ത്യ–ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ജൂൺ 7 മുതൽ ലണ്ടനിലെ ഓവലിൽ
saha-50
വൃദ്ധിമാൻ സാഹ
SHARE

ലണ്ടൻ ∙ 10 വർഷത്തിനു ശേഷം ഒരു ഐസിസി ട്രോഫി; ജൂൺ 7 മുതൽ 11 വരെ ഓവലിൽ നടക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനിറിങ്ങുന്ന ഇന്ത്യൻ ടീമിനു മുന്ന‍ിൽ ഈ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. കഴിഞ്ഞ തവണ കൈയെത്തും ദൂരെ വഴുതിപ്പോയ ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഇത്തവണ നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ.

ഐപിഎൽ കഴിഞ്ഞ് നേരെ വരുന്നതിനാൽ ഇന്ത്യൻ താരങ്ങളെ ‘ട്വന്റി20 ഹാങ്ഓവർ’ ടീമിനെ ബാധിച്ചിട്ടുണ്ടാകാം; പക്ഷേ എതിരാളികളായ ഓസ്ട്രേലിയൻ ടീമിലെ പല താരങ്ങളും നേരത്തേ സന്നാഹം തുടങ്ങിക്കഴിഞ്ഞു. ഐപിഎലിനു പിന്നാലെ ഇന്ത്യൻ ടീമും ലണ്ടനിലെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. 

 ∙ സാഹയില്ലാതെ സാഹസം

കാറപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിന്റെ അഭാവത്തിൽ കെ.എസ്.ഭരത്, ഇഷൻ കിഷൻ എന്നിവരെയാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ സാഹയെ എന്തു കൊണ്ടു തഴഞ്ഞു എന്നാണിപ്പോൾ ചോദ്യം.

indian-stars-on-training
ഇന്ത്യൻ താരങ്ങളായ (ഇടത്തുനിന്ന്) ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, വിരാട് കോലി എന്നിവർ പരിശീലനത്തിനിടെ.

 മുപ്പത്തിയെട്ടുകാരനായ സാഹ 40 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുമുണ്ട്. 29.42 ശരാശരിയിൽ 3 സെഞ്ചറി ഉൾപ്പെടെ 1353 റൺസാണ് സമ്പാദ്യം. മറുവശത്ത് കഴിഞ്ഞ ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഭരത്തിന്റെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. ഇഷനാകട്ടെ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ പരിചയസമ്പത്തുള്ള സാഹയെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നാണ് മുൻക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ ചോദ്യം.

ഐപിഎലിലെ മികച്ച പ്രകടനത്തിലൂടെയാണ് അജിൻക്യ രഹാനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഐപിഎൽ ഫൈനലിലെ അർധ സെഞ്ചറി ഉൾപ്പെടെ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയിട്ടും സാഹ തഴയപ്പെട്ടു. ഋഷഭ് പന്ത് ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പറായതോടെ 2021ലെ ന്യൂസീലൻഡ് പരമ്പരയ്ക്കു ശേഷം സാഹയെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

ഓവലിലേത് ഇന്ത്യയിലെ സമാന സാഹചര്യങ്ങൾ: സ്മിത്ത്

ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കുന്ന ഓവലിലെ ഗ്രൗണ്ടിലും നേരിടേണ്ടി വന്നേക്കാമെന്ന് ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത്. ‘ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഓവലിലെ പിച്ചിന് സമാനതകളുണ്ട്, പ്രത്യേകിച്ച് സ്പിന്നർമാരെ പിന്തുണയ്ക്കുന്ന കാര്യത്തിൽ. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഓവലിലേത്. എന്നാൽ മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് സ്പിന്നർമാരുടെ പ്രകടനം നിർണായകമാകും’– സ്മിത്ത് പറഞ്ഞു.

saha
സാഹ, സ്മിത്ത്, ഗവാസ്കർ

ബാറ്റ് സ്പീഡ് നിർണായകം: സുനിൽ ഗാവസ്കർ

ട്വന്റി20യിൽ നിന്ന് നേരെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ ബാറ്റർമാർക്ക് ബാറ്റ് സ്പീഡ് ക്രമീകരിക്കുക വെല്ലുവിളിയാകുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ട്വന്റി20യിൽ ആക്രമണോത്സുകതയോടെ കളിക്കുന്നതിനാൽ ബാറ്റ് സ്പീഡ് കൂടുതലായിരിക്കും. എന്നാൽ ടെസ്റ്റിൽ  പ്രതിരോധത്തിൽ ഊന്നിയാണ് ബാറ്റ് ചെയ്യേണ്ടത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ പന്ത് പരമാവധി ബാറ്റിനടുത്തേക്ക് വന്നശേഷം മാത്രമാണ് കളിക്കേണ്ടത്. എന്നാലേ ലേറ്റ് സ്വിങ് ഉൾപ്പെടെ പ്രതിരോധിക്കാൻ സാധിക്കൂ– ഗാവസ്കർ പറഞ്ഞു.

പൂജാരയും സ്മിത്തും ടീം മേറ്റ്സ്! 

poojare-and-smith
പൂജാരയും സ്മിത്തും

സഹതാരങ്ങൾ ഐപിഎൽ കളിച്ചു നടന്നപ്പോൾ ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ തങ്ങളുടെ ‘ഫൈനൽ’ തയാറെടുപ്പുകളുടെ തിരക്കിലായിരുന്നു. കൗണ്ടിയിൽ സസക്സ് ടീമിനു വേണ്ടി കളിക്കുന്ന ഇരുവരും രണ്ടുമാസക്കാലമായി ഇംഗ്ലണ്ടിലുണ്ട്. ഐപിഎൽ താരലേലങ്ങളിൽ പലപ്പോഴും തഴയപ്പെട്ടിട്ടുള്ള പൂജാര, ഏതാനും വർഷങ്ങളായി ഐപിഎൽ സമയത്ത് കൗണ്ടി ചാംപ്യൻഷിപ് കളിക്കാൻ പോകാറുണ്ട്. ഐപിഎലിൽ സ്ഥിരസാന്നിധ്യമായിരുന്നു സ്മിത്ത്, ഇത്തവണ അപ്രതീക്ഷിതമായി ലേലത്തിൽ തഴയപ്പെട്ടു. ഇതോടെയാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഒരുങ്ങാനായി സ്മിത്തും കൗണ്ടി കളിക്കാൻ തീരുമാനിച്ചത്.

English Summary : World test championship final update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS