വെസ്റ്റിൻഡീസിനെതിരെ യുവ ഇന്ത്യ; കോലിയും രോഹിത്തും പുറത്താകും, സഞ്ജു കാത്തിരിക്കണം?
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ട്വന്റി20 രാജ്യാന്തര മത്സരങ്ങൾക്കൊരുങ്ങി ടീം ഇന്ത്യ. ഈ വർഷം ജൂലൈ– ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റിൻഡീസിനെതിരെ ട്വന്റി20 പരമ്പര കളിക്കും. 2024 ലോകകപ്പ് മുന്നിൽ കണ്ട് ഇന്ത്യ ടീമിനെ ഇറക്കുമ്പോള്‍ സീനിയർ താരങ്ങൾ പുറത്താകുമെന്നാണു വിവരം. രോഹിത് ശർമ, വിരാട് കോലി എന്നീ സീനിയർ താരങ്ങൾക്കു വിശ്രമം അനുവദിക്കുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കും. സൂര്യകുമാര്‍ യാദവ് ആയിരിക്കും വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ ഐപിഎല്ലിൽ തിളങ്ങിയ കൂടുതൽ യുവതാരങ്ങളെ ടീമിലെടുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. മോശം ഫോമിലുള്ള ചിലരെ ഒഴിവാക്കും. ശുഭ്മൻ ഗില്ലിനൊപ്പം യുവതാരങ്ങളായ ഇഷാൻ കിഷനോ, യശസ്വി ജയ്സ്വാളോ ഇന്ത്യയ്ക്കായി ഓപ്പണറായേക്കും. 2023 ഐപിഎല്ലിൽനിന്ന് രാജസ്ഥാൻ റോയൽസ് താരമായ യശസ്വി 625 റൺസെടുത്തിരുന്നു. മധ്യനിരയിൽ സൂര്യകുമാർ യാദവിനൊപ്പം യുവതാരം രാഹുൽ ത്രിപാഠിക്കും അവസരം കിട്ടിയേക്കും.
ഐപിഎല്ലിന്റെ തുടക്കത്തിൽ തിളങ്ങിയെങ്കിലും അവസാനം സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടിയ മലയാളി താരം സഞ്ജു സാംസണ് പുറത്തിരിക്കേണ്ടിവരും. 2023ൽ സഞ്ജുവിന് പകരം ഇന്ത്യൻ ടീമിലെത്തിയ ജിതേഷ് ശർമയെ ബിസിസിഐ ടീമിൽ നിലനിര്‍ത്തിയേക്കും. 2023 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സൂപ്പർ സ്റ്റാറായി മാറിയ റിങ്കു സിങ്ങിന് ട്വന്റി20 ടീമിൽ സ്ഥാനം ഉറപ്പാണ്.
വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള സാധ്യതാ ടീം– ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷന്‍, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ, റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചെഹൽ, തുഷാർ ദേശ്പാണ്ഡെ, അർഷ്ദീപ് സിങ്, മോഹിത് ശർമ.
English Summary: India's likely squad for twenty 20 series against West Indies