ADVERTISEMENT

മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് നഷ്ടമാകാതിരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ച ‘ഹൈബ്രിഡ്’ മോഡലും നടക്കില്ലെന്നുറപ്പായി. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി മറ്റേതെങ്കിലും രാജ്യത്തു നടത്താമെന്ന പാക്കിസ്ഥാന്റെ നീക്കമായിരുന്നു ഹൈബ്രിഡ് മോഡൽ. എന്നാല്‍ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗങ്ങളായ ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകൾക്ക് ഇതിനോടു യോജിപ്പില്ല. ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽവച്ചു നടത്തിയില്ലെങ്കിൽ ടൂർണമെന്റിൽനിന്നു വിട്ടുനിൽക്കുമെന്നും, ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിരുന്നു.

ഹൈബ്രിഡ് മോഡലിന് താൽപര്യമില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിലിലെ മറ്റ് അംഗങ്ങളും അറിയിച്ചതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിരോധത്തിലായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൊണ്ടുവന്ന ഹൈബ്രിഡ് മോഡലിനോട് ബിസിസിഐയ്ക്കും താൽപര്യമില്ല. കഴിഞ്ഞ വർഷം  ഒക്ടോബറിലാണ് ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ പ്രഖ്യാപിച്ചത്. തുടർന്നാണ് ഹൈബ്രിഡ് മോ‍ഡൽ പാക്കിസ്ഥാൻ കൊണ്ടുവന്നത്.

ഈ മാസം ചേരാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ എക്സിക്യൂട്ടിവ് യോഗത്തിൽ ഏഷ്യാ കപ്പിനുള്ള പുതിയ വേദി തീരുമാനിക്കുമെന്നാണു വിവരം. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബംഗ്ലദേശും തങ്ങൾക്കൊപ്പമില്ലെന്ന കാര്യം പാക്കിസ്ഥാൻ ബോർഡിന് അറിയാമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടൂർണമെന്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കാതിരുന്നാൽ, ഈ വർഷം ടൂര്‍ണമെന്റ് തന്നെ റദ്ദാക്കാനും ആലോചിക്കുന്നുണ്ട്.

പാക്കിസ്ഥാൻ കളിച്ചില്ലെങ്കിൽ അതു ടെലിവിഷൻ ബ്രോ‍ഡ്കാസ്റ്റിങ്ങിനെ അടക്കം ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്. ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കുമോ, ഇല്ലയോ എന്ന് അറിയിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ‌ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ലെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പാക്കിസ്ഥാനിലാണ് നടക്കേണ്ടത്. ഇന്ത്യ നിലപാടിൽ ഉറച്ചുനിന്നാൽ ഈ ടൂര്‍ണമെന്റും മറ്റേതെങ്കിലും ഏഷ്യൻ രാജ്യത്തേക്കു മാറ്റേണ്ടിവരും.

English Summary: Asia Cup 2023, Pakistan's hybrid model rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com