രോഹിത് ശർമയ്ക്കു വിരലിനു പരുക്ക്, പരിശീലനം നിർത്തി മടങ്ങി; ടീം ഇന്ത്യയ്ക്കു വൻ തിരിച്ചടി

Mail This Article
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ബുധനാഴ്ച തുടക്കമാകുമ്പോൾ ഇന്ത്യയ്ക്കു തിരിച്ചടിയായി ക്യാപ്റ്റൻ രോഹിത് ശർമയുടെ പരുക്ക്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ രോഹിത് ശർമയുടെ വിരലിനു പരുക്കേറ്റതായാണു വിവരം. ഡോക്ടർമാർ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തിയെങ്കിലും, പരിശീലനം തുടരാതെ മടങ്ങിപ്പോകുകയായിരുന്നു. ഇതോടെയാണ് താരത്തിന്റെ പരുക്കു സംബന്ധിച്ച് ആശങ്ക ഉയർന്നത്.
രോഹിത് ശർമയുടെ ഇടത് കൈയിലെ വിരലിനാണു പരുക്കേറ്റത്. വലത് കയ്യിലും പരുക്കുള്ള രോഹിത് ശര്‍മ ബാൻഡേജ് ധരിച്ചാണു പരിശീലനം നടത്തിയിരുന്നത്. എങ്കിലും നിർണായകമായ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ കളിച്ചേക്കുമെന്നാണ് ആരാധക പ്രതീക്ഷ. യുവതാരം ശുഭ്മൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമയാണ്.
മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ‘‘ഓവലിലെ പിച്ചും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ താരങ്ങളും മത്സരത്തിനായി തയാറായിരിക്കണം. ആരൊക്കെ കളിക്കുമെന്ന കാര്യം ബുധനാഴ്ചയാണു തീരുമാനിക്കുക.’’– രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഫൈനലിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം നിർണായകമാകുമെന്ന് രോഹിത് ശർമ പറഞ്ഞു. ‘‘ബാറ്റർമാർക്ക് എന്നും വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളാണ് ഇംഗ്ലണ്ടിലേത്. അതുകൊണ്ടു തന്നെ നല്ല തയാറെടുപ്പ് വേണം. വലിയ ഇന്നിങ്സുകൾ കളിക്കാൻ ബാറ്റർമാർ ശ്രദ്ധിക്കണം. ഒരു ചെറിയ അശ്രദ്ധ പോലും വിക്കറ്റ് നഷ്ടപ്പെടാൻ കാരണമാകും. ഓവലിലേത് മികച്ച ബാറ്റിങ് വിക്കറ്റാണെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ ബാറ്റിങ് ദുഷ്കരമാകാൻ സാധ്യതയുണ്ട്’’– രോഹിത് പറഞ്ഞു.
ജൂൺ ഏഴു മുതൽ 11 വരെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കിൽ റിസർവ് ദിവസമായി 12–ാം തീയതി ഉപയോഗിക്കും. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
English Summary: Rohit Sharma Injury Updates