ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ ഭയപ്പെട്ടത് ആദ്യദിനം തന്നെ സംഭവിച്ചു. ബാറ്റർമാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള നാല് ഓസീസ് ബാറ്റർമാരിൽ രണ്ടു പേരെ ഇന്ത്യ പൂട്ടിയപ്പോൾ മറ്റു രണ്ടു പേർ കയറി അങ്ങ് കൊളുത്തി. ഇതോടെ ഒന്നാം ദിനം ഓസീസിനു സമ്പൂർണ മേധാവിത്വം. ആദ്യദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 327 റൺസെന്ന നിലയിലാണ്. സെഞ്ചറിയുമായി ആറാം റാങ്കുകാരൻ ട്രാവിസ് ഹെഡ് (156 പന്തിൽ 146*), അർധസെഞ്ചറിയുമായി മൂന്നാം റാങ്കുകാരൻ സ്റ്റീവ് സ്മിത്ത് (227 പന്തിൽ 95*) എന്നിവരാണ് ക്രീസിൽ.
നാലാം വിക്കറ്റിൽ സ്മിത്ത്–ഹെഡ് സഖ്യം ചേർന്ന് ഇതുവരെ 251 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം സെഷനിൽ 76/3 എന്ന നിലയിൽ ഓസീസ് പതറുമ്പോഴാണ് സ്മിത്ത്– ഹെഡ് സഖ്യം ഒത്തുചേർന്നത്. ഒരറ്റത്ത് തനി ടെസ്റ്റ് ശൈലിയിൽ സ്മിത്ത് നങ്കൂരമിട്ടപ്പോൾ ഹെഡ് ഏകദിന ശൈലിയിൽ മുന്നേറുകയായിരുന്നു. സ്മിത്ത് 14 ഫോറുകൾ അടിച്ചപ്പോൾ 22 ഫോറും ഒരു സിക്സുമാണ് ഹെഡിന്റെ ബാറ്റിൽനിന്നു പിറന്നത്. ക്യാപ്റ്റൻ രോഹിത് ശർമ ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും കൂട്ടുകെട്ട് തകർക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടു റണ്ണെടുത്തുനിൽക്കെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 10 പന്തുകൾ നേരിട്ട ഏഴാം റാങ്കുകാരൻ ഉസ്മാൻ ഖവാജ റണ്ണൊന്നുമെടുക്കാതെ പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഭരത് ക്യാച്ചെടുത്ത് ഖവാജയെ മടക്കി. ഓപ്പണർ ഡേവിഡ് വാർണറുടെയും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റർ മാർനസ് ലബുഷെയ്ന്റെയും ചെറുത്തുനിൽപാണു പിന്നീട് ഓസീസിനെ തുണച്ചത്.

60 പന്തുകൾ നേരിട്ട ഡേവിഡ് വാർണർ 43 റൺസെടുത്തു. ഷാർദൂൽ ഠാക്കൂർ എറിഞ്ഞ 22–ാം ഓവറിൽ ഡേവിഡ് വാർണർ ലെഗ് സൈഡിലേക്ക് പുൾ ഷോട്ടിനു ശ്രമിച്ചെങ്കിലും പന്തിൽ നിയന്ത്രണം കിട്ടിയില്ല. വലതു ഭാഗത്തേക്കു ഗംഭീര ഡൈവിങ്ങിലൂടെ ഇന്ത്യൻ കീപ്പർ ശ്രീകർ ഭരത് പന്ത് പിടിച്ചെടുക്കുകയായിരുന്നു. അധികം വൈകാതെ മാർനസ് ലബുഷെയ്നെ (62 പന്തിൽ 26) ഷമിയും പുറത്താക്കി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. നാല് പേസർമാരെയും ഒരു സ്പിന്നറെയും ടീമിലെടുത്താണ് ടീം ഇന്ത്യ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. ടെസ്റ്റിലെ ഒന്നാം നമ്പർ ബോളര്‍ ആർ. അശ്വിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. സ്പിന്‍ ബോളറായി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണു ടീമിലുള്ളത്.
യുവതാരം ഇഷാൻ കിഷനും ഫൈനല്‍ പോരാട്ടത്തില്‍ കളിക്കില്ല, ശ്രീകർ ഭരത്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാർദൂൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിലെ പേസർമാർ. പരുക്കേറ്റ ജോഷ് ഹെയ്സൽവുഡിന് പകരം സ്കോട്ട് ബോളണ്ടിനെ ഓസ്ട്രേലിയ പ്ലേയിങ് ഇലവനിലെടുത്തു.
∙ പ്ലേയിങ് ഇലവൻ
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാർദൂൽ ഠാക്കൂർ, ഉമേഷ് യാദവ്
ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ, സ്കോട്ട് ബോളണ്ട്.

English Summary : India vs Australia, World Test Championship Final Update