ബോസ്റ്റണ്‍∙ യാത്രയ്ക്കിടെ വാഹനം നിർത്തി റോഡരികിൽ നമസ്കരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‍വാൻ. ബോസ്റ്റണിലെ തെരുവോരത്ത് നിസ്കാരപ്പായ വിരിച്ച് നമസ്കരിക്കുന്ന റിസ്‍വാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യുഎസിൽ റിസ്‍വാൻ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടതും ദൃശ്യങ്ങളിലുണ്ട്. ഹാർവഡ് ബിസിനസ് സ്കൂളിന്റെ എക്സിക്യൂട്ടിവ് എഡ്യുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനാണ് റിസ്‍വാൻ യുഎസിലെത്തിയത്.
ജൂൺ മൂന്നിന് പരിപാടി കഴിഞ്ഞെങ്കിലും കുറച്ചു ദിവസം കൂടി യുഎസിൽ തങ്ങാൻ റിസ്‍വാൻ തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമും റിസ്‍വാനൊപ്പം യുഎസിലെത്തിയിട്ടുണ്ട്. റിസ്‍വാനു പുറമേ ഫുട്ബോൾ താരങ്ങളായ കക്ക, ജെറാദ് പിക്കേ, ബാസ്കറ്റ് ബോൾ താരങ്ങളായ ക്രിസ് പോൾ, പോൾ ഗസോൾ തുടങ്ങിയ പ്രമുഖരും ഹാർവഡ് ബിസിനസ് സ്കൂള്‍ എക്സിക്യൂട്ടിവ് എഡ്യുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.
ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ ദുരന്തമുണ്ടായപ്പോൾ പാക്കിസ്ഥാൻ താരം അനുശോചനം അറിയിച്ചിരുന്നു. മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് എല്ലായ്പ്പോഴും സങ്കടപ്പെടുത്തുന്ന കാര്യമാണെന്ന് റിസ്‍വാന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. ദുരന്തത്തിൽ ബാധിക്കപ്പെട്ട ആളുകൾക്കൊപ്പം തന്റെ പ്രാർഥനകളുണ്ടെന്നും റിസ്‍വാൻ പ്രതികരിച്ചു.
English Summary: Mohammad Rizwan offers prayer on streets of USA