ലണ്ടൻ∙ പേരിൽ ‘ശ്രീ’ ഉള്ളതുകൊണ്ട് ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ശ്രീകർ ഭരത് തന്നെ കളിക്കെട്ടെയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ‘‘ഞങ്ങള്‍ ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും വിജയിച്ചപ്പോൾ ഇന്ത്യൻ ടീമിൽ ഒരു ശ്രീ (ശ്രീശാന്ത്) ഉണ്ടായിരുന്നു. ഇത്തവണയും ഒരു ശ്രീ (ശ്രീകർ ഭരത്) ഇന്ത്യൻ ടീമിൽ കളിക്കുന്നതിനാൽ നമ്മൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും വിജയിക്കും.’’– ശ്രീശാന്ത് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോഴേ ഞാൻ ശ്രീകർ ഭരതിനെ കാണുന്നതാണ്. ഫസ്റ്റ് ക്ലാസിൽ നന്നായി സ്കോർ കണ്ടെത്തുന്ന താരമാണ്. ഭരത്തിൽനിന്ന് ഒരു യുവതാരത്തിന് ഏറെ പഠിക്കാനുണ്ടാകും.’’– ശ്രീശാന്ത് വ്യക്തമാക്കി. 90 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഭരത് 4808 റണ്‍സാണ് നേടിയിട്ടുള്ളത്. ഒൻപതു സെഞ്ചറികളും 27 അർധസെഞ്ചറികളും നേടിയിട്ടുണ്ട്.
വിക്കറ്റ് കീപ്പറായി ഫസ്റ്റ് ക്ലാസിൽ 303 ക്യാച്ചുകൾ താരം നേടി. യുവതാരം ഇഷാൻ കിഷനെ പുറത്തിരുത്തി ശ്രീകർ ഭരത്തിനെയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കാനിറക്കിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ലോക ഒന്നാം നമ്പർ ബാറ്റർ ആർ. അശ്വിനും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ടീമിൽ ഇടം കിട്ടിയില്ല.
English Summary: Sreesanth wants Srikar Bharat to play ahead of Ishan Kishan in the WTC final