ലണ്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിനെ ട്വന്റി20 പോലെയാക്കിയ ‘ബാസ്ബോൾ’ ശൈലി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നടപ്പാക്കും മുൻപേ ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ പ്രചാരത്തിലുണ്ടായിരുന്ന കളിയാണ് ഹെഡ്ബോൾ. ട്രാവിസ് ഹെഡ് എന്ന ബാറ്ററായിരുന്നു അതിന്റെ അമരക്കാരൻ. ട്രാവിസ് ഹെഡിന്റെ അതേ ഹെഡ്ബോൾ ബാറ്റിങ് തന്നെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് തലവേദനയായതും!
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ, വെടിക്കെട്ട് സെഞ്ചറിയുമായി ട്രാവിസ് ഹെഡ് (146 നോട്ടൗട്ട് ) മുന്നിൽ നിന്നു നയിച്ചപ്പോൾ ഒന്നാം ദിനം ഓസ്ട്രേലിയയുടെ സ്കോർ 3ന് 327. 95 റൺസുമായി സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്. ഇരുൾമൂടിക്കെട്ടിയ ആകാശവും പച്ചപുതച്ച പിച്ചും കണ്ടാണ് ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുത്തത്. ആദ്യ 3 ദിനം ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന് അറിയാമായിരുന്നിട്ടും, ആദ്യം ബാറ്റ് ചെയ്ത ടീമാണ് ഇവിടെ കൂടുതൽ മത്സരങ്ങൾ ജയിച്ചതെന്ന ബോധ്യമുണ്ടായിട്ടും, ആകാശത്തെയും കാർമേഘങ്ങളെയും മാത്രം വിശ്വസിച്ച് ബോളിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനം അബദ്ധമായിപ്പോയെന്ന് രോഹിത്തിന് പിന്നീട് തോന്നിയിരിക്കാം. ഓസ്ട്രേലിയയാകട്ടെ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു.
നാലാം ഓവറിലെ 4–ാം പന്തിൽ ഓപ്പണർ ഉസ്മാൻ ഖവാജയെ (0) പുറത്താക്കിയ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കു മേൽക്കൈ നൽകിയെന്നു തോന്നിച്ചെങ്കിലും ഒരറ്റത്ത് നന്നായി കളിച്ച ഡേവിഡ് വാർണർ (43) ഓസ്ട്രേലിയയെ മുന്നോട്ടു നയിച്ചു. ആദ്യ സെഷൻ അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, വാർണറെ പുറത്താക്കിയ ഷാർദൂൽ ഠാക്കൂർ, ഒന്നാം സെഷനിൽ ഇന്ത്യയ്ക്ക് നേരിയ ആധിപത്യം നൽകി. 2ന് 73 എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വൈകാതെ മാർനസ് ലബുഷെയ്നെയും (26) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്ത്– ട്രാവിസ് ഹെഡ് സഖ്യം മത്സരം പതിയെ ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലാക്കി.
3ന് 170 എന്ന നിലയിൽ രണ്ടാം സെഷൻ അവസാനിപ്പിച്ച ഓസ്ട്രേലിയ, മൂന്നാം സെഷനിൽ കൂടുതൽ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. മൂന്നാം സെഷനിൽ ഒരു ഘട്ടത്തിൽ 6നു മുകളിലായിരുന്നു ഓസ്ട്രേലിയയുടെ റൺ റേറ്റ്. ആദ്യ ഓവറുകൾ മാറ്റിനിർത്തിയാൽ ഒന്നാം ദിനം മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായിരുന്നു ഓവലിൽ. ഇതോടെ ബോളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയായി. ഷോർട്ട് ബോളുകളിലൂടെ ഷമിയും സിറാജും ഓസ്ട്രേലിയൻ ബാറ്റർമാരെ പരീക്ഷിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താൻ അതു പോരായിരുന്നു.
മത്സരത്തിൽ ഇന്ത്യ മേൽക്കൈ നേടുമെന്നു തോന്നിച്ച ഘട്ടത്തിൽ കൃത്യമായ കൗണ്ടർ അറ്റാക്കിലൂടെ മത്സരം ഓസ്ട്രേലിയയുടെ വരുതിയിൽ നിർത്തിയ ട്രാവിസ് ഹെഡ് തന്നെയായിരുന്നു ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ ഒന്നാം ദിവസത്തെ താരം. മാർനസ് ലബുഷെയ്ൻ പുറത്തായതോടെ സ്റ്റീവ് സ്മിത്ത് പ്രതിരോധത്തിലേക്കു വലിഞ്ഞപ്പോൾ ടീമിന്റെ റൺറേറ്റ് താഴെപ്പോകാതെ നോക്കേണ്ട ചുമതല ഹെഡിനായിരുന്നു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി ആ റോൾ ഹെഡ് മനോഹരമാക്കി. 90നു മുകളിൽ സ്ട്രൈക്ക് റേറ്റോടെയാണ് ഇന്നിങ്സിന്റെ ഭൂരിഭാഗം സമയവും ഹെഡ് ബാറ്റ് ചെയ്തത്.
English Summary : India vs Australia test championship cricket match updates