ADVERTISEMENT

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യയ്ക്ക് 151 റൺസിന് 5 വിക്കറ്റ് നഷ്ടമായി. 

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ  എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ നേടിയ 469 റണ്‍സ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ഏകദിന ശൈലിയിലാണ് ബാറ്റുചെയ്തത്. 5.5 ഓവറില്‍ തന്നെ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെ ആറാം ഓവറില്‍ രോഹിത് പുറത്തായി. 15 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

തൊട്ടടുത്ത ഓവറില്‍ തന്നെ സ്‌കോട് ബോളണ്ട് ഗില്ലിനെയും മടക്കി. 13 റണ്‍സെടുത്ത ഗില്ലിനെ ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 14 റൺസ് വീതം എടുത്ത് വിരാട് കോലിയും ചേതേശ്വർ പൂജാരയും കളം വിട്ടു. 48 റൺസ് എടുത്ത രവീന്ദ്ര ജഡേജ മാത്രാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. 

രണ്ടാം ദിനം 327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് 142 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ആദ്യ ദിനം തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ രണ്ടാം ദിനം ഫോമിലേക്കുയര്‍ന്നു. 75 റൺസെടുക്കുന്നതിനിടെ രണ്ടാം ദിനം ഓസീസിന് നാലു വിക്കറ്റുകൾ നഷ്ടമായി. 

രണ്ടാം ദിനം സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിയോടെയാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. 229 പന്തുകളിൽനിന്നാണ് സ്മിത്ത് സെഞ്ചറി തികച്ചത്. സ്മിത്തിന്റെ 31–ാം ടെസ്റ്റ് സെഞ്ചറിയാണ് ഓവലിൽ ഇന്ത്യയ്ക്കെതിരെ നേടിയത്. ഓസ്ട്രേലിയ വമ്പൻ സ്കോറിലേക്കു കുതിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് പുറത്താക്കുന്നത്. 174 പന്തിൽ 163 റൺസെടുത്ത ഹെഡ് വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ ക്യാച്ചിൽ മടങ്ങി.

പിന്നാലെയെത്തിയ കാമറൂൺ ഗ്രീനിനു (ഏഴ് പന്തിൽ ആറ്) തിളങ്ങാനായില്ല. സെഞ്ചറി നേടി അധികം വൈകാതെ സ്റ്റീവ് സ്മിത്തും (268 പന്തിൽ 121) പുറത്തായതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. 20 പന്തുകൾ നേരിട്ട് അഞ്ച് റൺസെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ പകരക്കാരനായി ഇറങ്ങിയ അക്ഷർ പട്ടേൽ റണ്ണൗട്ടാക്കി.

 

ആദ്യ ദിനം ഓസ്ട്രേലിയ

ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ദിനം തുടക്കത്തിൽ ഇന്ത്യ തിളങ്ങിയെങ്കിലും സാവധാനം കളി ഓസ്ട്രേലിയ നിയന്ത്രണത്തിലാക്കിയിരുന്നു. വെടിക്കെട്ട് സെഞ്ചറിയുമായി ട്രാവിസ് ഹെഡ് മുന്നിൽ നിന്നു നയിച്ചപ്പോ‍ൾ ഒന്നാം ദിനം ഓസ്ട്രേലിയയുടെ സ്കോർ 3ന് 327. 95 റൺസാണ് ആദ്യ ദിനം സ്റ്റീവ് സ്മിത്ത് നേടിയത്. നാലാം ഓവറിലെ 4–ാം പന്തിൽ ഓപ്പണർ ഉസ്മാൻ ഖവാജയെ (0) പുറത്താക്കിയ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കു മേൽക്കൈ നൽകിയെന്നു തോന്നിച്ചെങ്കിലും ഒരറ്റത്ത് നന്നായി കളിച്ച ഡേവിഡ് വാർണർ (43) ഓസ്ട്രേലിയയെ മുന്നോട്ടു നയിച്ചു.

ആദ്യ സെഷൻ അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, വാ‍ർണറെ പുറത്താക്കിയ ഷാർദൂൽ ഠാക്കൂർ, ഒന്നാം സെഷനിൽ ഇന്ത്യയ്ക്ക് നേരിയ ആധിപത്യം നൽകി. 2ന് 73 എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വൈകാതെ മാർനസ് ലബുഷെയ്നെയും (26) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്ത്– ട്രാവിസ് ഹെഡ് സഖ്യം മത്സരം പതിയെ ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലാക്കി.

3ന് 170 എന്ന നിലയിൽ രണ്ടാം സെഷൻ അവസാനിപ്പിച്ച ഓസ്ട്രേലിയ, മൂന്നാം സെഷനിൽ കൂടുതൽ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. മൂന്നാം സെഷനിൽ ഒരു ഘട്ടത്തിൽ 6നു മുകളിലായിരുന്നു ഓസ്ട്രേലിയയുടെ റൺ റേറ്റ്. 

English Summary: World Test Championship Final, India vs Australia Day 2 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com