ADVERTISEMENT

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ പുറത്തായി ‍ഡ്രസിങ് റൂമിലെത്തിയതിനു പിന്നാലെ, ഭക്ഷണം കഴിക്കാൻ പോയ വിരാട് കോലിക്കെതിരെ വിമർശനം. ഇന്ത്യൻ ടീം കടുത്ത സമ്മർദത്തിൽ നിൽക്കുമ്പോഴും കോലി സഹതാരങ്ങളോടു കുശലം പറഞ്ഞ് ഭക്ഷണം കഴിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. പുറത്തായതിനു പിന്നാലെ കോലി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ സ്ക്രീനിൽ കാണിച്ചിരുന്നു.

ആദ്യ ഇന്നിങ്സിൽ 31 പന്തുകൾ നേരിട്ട വിരാട് കോലിക്ക് 14 റൺസ് നേടാൻ മാത്രമാണു സാധിച്ചത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്താണു കോലി പുറത്തായത്.  പുറത്തായി മടങ്ങിയതിനു പിന്നാലെ കോലി ഭക്ഷണം ആസ്വദിച്ച് കഴിച്ചതും, ശുഭ്മൻ ഗിൽ, ഇഷാന്‍ കിഷൻ, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ എന്നിവരോട് തമാശ പറഞ്ഞു ചിരിച്ചതും ആരാധകരിൽ ചിലർക്കു രസിച്ചില്ല. ഇതോടെ സമൂഹമാധ്യമങ്ങളിൽ കോലിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളാണ് ഉയർന്നത്.

ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോൾ ഉണ്ടായ നിരാശയൊന്നും, നിർണായക മത്സരത്തിൽ ഔട്ടായപ്പോൾ കണ്ടില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. 2003 ലോകകപ്പ് ഫൈനലിൽ പുറത്തായപ്പോൾ തനിക്ക് മൂന്ന് ദിവസം ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മുൻപു പറഞ്ഞിരുന്നു. കോലി സച്ചിനെപ്പോലെയല്ലെന്നും, പണമുണ്ടാക്കൽ മാത്രമാണു ലക്ഷ്യമെന്നും ആരാധകരിൽ ചിലർ വിമർശിച്ചു.

രണ്ടാം ദിവസം 142 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ പ്രതിരോധത്തിലാണ്. അജിൻക്യ രഹാനെ (71 പന്തിൽ 29), ശ്രീകർ ഭരത് (14 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്താകാതെ നിൽക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 469 റൺസെടുത്തിരുന്നു.

English Summary: Virat Kohli Gets Trolled As Pictures Of Indian Batter Having Food After Cheap Dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com