ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇനി അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഫലം ഇന്ത്യയ്ക്ക് അനുകൂലമാകാൻ സാധ്യതയുള്ളൂ. തോൽവിയെങ്കിലും ഒഴിവായി കിട്ടണേ എന്ന ആഗ്രഹത്തിലാണ് ഇന്ത്യൻ ആരാധാകർ. മൂന്നാം ദിനം അവസാനിച്ചപ്പോൾ സമനിലയാകുമെന്ന ചെറിയ പ്രതീക്ഷയും നൽകുന്നുണ്ട്.
മൂന്നു ദിവസത്തെ കളി വിലയിരുത്തിയശേഷം, ഇന്ത്യൻ ടീമിനെതിരെ വിവിധ കോണുകളിൽനിന്നു കടുത്ത വിമർശനമാണ് ഉയരുന്നത്. 2021–2023 ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ രവിചന്ദ്രൻ അശ്വിനെ ഫൈനലിന്റെ പ്ലേയിങ് ഇലവനിൽനിന്നു പുറത്താക്കിയതിന് ഉൾപ്പെടെയാണ് വിമർശനം ഉയരുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെയും കോച്ച് രാഹുൽ ദ്രാവിഡിനെതിരെയുമാണ് കൂടുതൽ വിമർശനങ്ങളും.
ഏറ്റവുമൊടുവിൽ പാക്കിസ്ഥാൻ മുൻ ബാറ്റർ ബാസിത് അലിയാണ് ഇന്ത്യൻ ടീമിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്. ടോസ് ലഭിച്ച് ബോളിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ ഇന്ത്യയുടെ വിധി നിർണയിക്കപ്പെട്ടു കഴിഞ്ഞിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം ഇന്നിങ്സിൽ ഒരുഘട്ടത്തിൽ ഓസ്‌ട്രേലിയ 76/3 എന്ന നിലയിൽ പതറിയെങ്കിലും ട്രാവിഡ് ഹെഡിന്റെയും സ്റ്റിവ് സ്മിത്തിന്റെയും സെഞ്ചറി ഓസീസിനെ രക്ഷിക്കുകയായിരുന്നു.
‘‘ടോസ് കിട്ടി ബോൾ ചെയ്യാൻ തീരുമാനിച്ച നിമിഷം തന്നെ ഇന്ത്യ മത്സരം തോറ്റു. ഐപിഎൽ പോലെ തന്നെയായിരുന്നു ഇന്ത്യയുടെ ബോളിങ്. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യൻ ബോളർമാർ മത്സരം ജയിച്ചതുപോലെ സന്തോഷിച്ചു. ഇന്ത്യയ്ക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് അവരെ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ ചെറിയ സ്കോറിനു പുറത്താക്കുകയും നാലാം ഇന്നിങ്സിൽ ഒരു അദ്ഭുതം പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഇന്ത്യ ഫീൽഡ് ചെയ്ത 120 ഓവറിൽ എനിക്ക് മൂന്നു കളിക്കാർ മാത്രമേ ഫിറ്റ്‌നുള്ളതായി കാണാൻ കഴിഞ്ഞുള്ളൂ.- രഹാനെയും കോലിയും ജഡേജയും. ബാക്കിയുള്ളവരെല്ലാം ക്ഷീണതരാണ്.’’– ബാസിത് അലി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
∙ പരിശീലകനെന്ന നിലയിൽ ദ്രാവിഡ് സീറോ
താരങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർത്തിയില്ലെങ്കിലും ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡിനെ രൂക്ഷഭാഷയിലാണ് ബാസിത് അലി വിമർശിച്ചത്. ‘വൻ മതിലിന്റെ’ വലിയ ആരാധകനായ അലി, ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്യുകയും ദ്രാവിഡിന്റെ കോച്ചിങ്ങിൽ തനിക്ക് മതിപ്പില്ലെന്നു തുറന്നടിക്കുകയും ചെയ്തു.
‘‘ഞാനൊരു വലിയ രാഹുൽ ദ്രാവിഡ് ആരാധകനാണ്. എന്നും അങ്ങനെയാകും. അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ്, ഒരു ഇതിഹാസമാണ്. എന്നാൽ ഒരു പരിശീലകനെന്ന നിലയിൽ, അദ്ദേഹം തികച്ചും വട്ടപൂജ്യമാണ്. ഇന്ത്യയിൽ ടേണിങ് പിച്ചുകൾ തയാറാക്കി പരിശീലിച്ചു. എന്നാൽ ഓസ്‌ട്രേലിയയിൽ സമാനമായ വിക്കറ്റുകൾ ഉണ്ടായിരുന്നോ? അവിടെ ബൗണ്‍സി പിച്ചുകളായിരുന്നു, അല്ലേ? അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് ദൈവത്തിനറിയാം.’’– ബാസിസ് അലി പറഞ്ഞു.
English Summary: Rahul Dravid is zero as a coach