ADVERTISEMENT

മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പിന്തുണയുമായി മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം ലഭ്യമായ ഏറ്റവും മികച്ച താരം രോഹിത് ശര്‍മയായിരുന്നെന്നും, ഐപിഎല്ലിലെ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്തെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ‘‘വിരാട് പോയ ശേഷം സിലക്ടർമാർക്ക് ഒരു ക്യാപ്റ്റനെ ആവശ്യമായിരുന്നു. ആ സമയത്ത് രോഹിത് ശർമയായിരുന്നു ഏറ്റവും മികച്ചത്. അഞ്ച് ഐപിഎൽ ട്രോഫികൾ സ്വന്തമാക്കിയ രോഹിത്, രാജ്യാന്തര തലത്തിലും മികച്ച പ്രകടനം നടത്തി.’’–ഒരു ദേശീയ മാധ്യമത്തോടു ഗാംഗുലി പറഞ്ഞു.

‘‘ഞാൻ രോഹിത് ശർമയെ പൂർണമായി വിശ്വസിക്കുന്നു. രോഹിതും എം.എസ്. ധോണിയും അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്. ഐപിഎൽ വിജയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഐപിഎൽ കിരീടം നേടുന്നത് ലോകകപ്പ് ജയിക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോകകപ്പിൽ 4–5 മത്സരങ്ങൾ കൊണ്ട് സെമി ഉറപ്പിക്കാൻ സാധിക്കും. എന്നാൽ ഐപിഎല്ലിൽ 14 മത്സരങ്ങൾ കളിച്ചാണ് പ്ലേ ഓഫിലെത്തുക. ഐപിഎൽ ചാംപ്യനാകണമെങ്കിൽ 17 കളികൾ വേണ്ടിവരും.’’– ഗാംഗുലി പറഞ്ഞു.

വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റനാകുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു വലിയ മാർജിനിൽ തോറ്റതോടെ രോഹിത്തിനെതിരായ വിമർശനം ശക്തമായിരുന്നു. മത്സരത്തിൽ രോഹിത് ശർമയുെട ടോസ് തീരുമാനം അടക്കം പിഴച്ചെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിമർശനം.

English Summary: Winning IPL is winning tougher than winning a world cup: Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com