ADVERTISEMENT

മുംബൈ∙ 2019 ഏകദിന ലോകകപ്പ് ടീമിൽ അംബാട്ടി റായുഡുവിനെ ഒഴിവാക്കി വിജയ് ശങ്കറിനെ ഉൾപ്പെടുത്തിയ സംഭവത്തിൽ വൻ വിമർശനമാണ് ബിസിസിഐ അന്ന് കേട്ടത്. ഓൾ റൗണ്ടറായ വിജയ് ശങ്കറെ ടീമിലെടുത്തതിനെതിരെ റായുഡു സമൂഹ മാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചതോടെ സംഭവം വൻ വിവാദമായി. റായുഡു പിന്നീട് ഇന്ത്യൻ ടീമിനായി കളിച്ചിട്ടുമില്ല. ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കുകയാണ് റായുഡു. നാലാം നമ്പർ ബാറ്ററായ തനിക്കു പകരം ആറാമതും ഏഴാമതും ഒക്കെ ഇറങ്ങുന്ന വിജയ് ശങ്കറെ ടീമിലെടുത്തതിന്റെ യുക്തി എന്താണെന്നു തനിക്കു മനസ്സിലാകുന്നില്ലെന്ന് റായുഡു പ്രതികരിച്ചു.

‘‘അജിൻക്യ രഹാനെയെപ്പോലുള്ള മധ്യനിര താരങ്ങളേയോ, അല്ലെങ്കിൽ കൂടുതൽ അനുഭവ സമ്പത്തുള്ള ആരെയെങ്കിലുമോ ടീമിലെടുത്താൽ അക്കാര്യം മനസ്സിലാകും. എല്ലാവർക്കും ഇന്ത്യ ജയിക്കണമെന്നാണ് ആഗ്രഹം. എന്നെ എന്തുകൊണ്ട് അന്നു ടീമിൽ എടുത്തില്ലെന്നതിന്റെ കാരണം അവര്‍ക്കു മാ‌ത്രമേ അറിയൂ. പക്ഷേ എനിക്കു പകരം ആരെയെങ്കിലും കൊണ്ടുവന്നാൽ അയാള്‍ ടീമിന് ഉപകാരപ്പെടണം. അതാണ് എനിക്ക് ദേഷ്യം വന്നത്.’’– ഒരു തെലുങ്ക് മാധ്യമത്തോടു റായുഡു പറഞ്ഞു.

‘‘വിജയ് ശങ്കർ എന്തു ചെയ്തിട്ടാണ്. അദ്ദേഹം സ്വന്തം രീതിയിൽ കളിക്കുന്നു. ആ തീരുമാനത്തിനു പിന്നിലുള്ള ചിന്ത എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇന്ത്യ അന്ന് കളിക്കുന്നത് ലോകകപ്പാണോ, അല്ല സാധാരണ ലീഗ് മത്സരമാണോയെന്ന് എനിക്കു മനസ്സിലാകുന്നില്ല. വിജയ് ശങ്കറിനോടും സിലക്ടര്‍ എം.എസ്.കെ പ്രസാദിനോടും എനിക്കു വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. ലോകകപ്പിനു മുൻപ് ഞാൻ ന്യൂസീലൻഡിനെതിരെ അതേ സാഹചര്യത്തിൽ കളിച്ചിട്ടുള്ളതാണ്. ഞാൻ നന്നായി തയാറെടുത്തിരുന്നു.’’– റായുഡു വ്യക്തമാക്കി.

English Summary: Ambati Rayudu On Vijay Shankar's 2019 World Cup Selection 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com