അർജുൻ തെൻഡുൽക്കർ ഇന്ത്യന്‍ ടീമിലേക്ക്? ബെംഗളൂരുവിലെ ‘ഓൾ റൗണ്ടർ’ ക്യാംപിൽ പരിശീലനം
Mail This Article
ബെംഗളൂരു∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽക്കറുടെ മകൻ അർജുന്‍ തെൻഡുൽക്കർ അടക്കം 20 യുവതാരങ്ങൾക്കായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പ്രത്യേക പരിശീലന ക്യാംപ്. പ്രതിഭകളെ കണ്ടെത്തുന്നതിനായി മൂന്ന് ആഴ്ചത്തെ ക്യാംപാണു നടത്തുന്നതെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മണിന്റെ ആശയമാണ് യുവതാരങ്ങളെ കണ്ടെത്തുന്നതിനുള്ള ക്യാംപ്.
ബിസിസിഐ സീനിയർ ടീം സിലക്ഷൻ കമ്മിറ്റിയാണു ക്യാംപിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത്. സീനിയർ തലത്തിൽ കളിക്കാൻ താരങ്ങളെ പ്രാപ്തരാക്കുകയ കൂടിയാണു ക്യാംപിന്റെ ലക്ഷ്യം. ‘‘ഈ വർഷം ഇനി എമർജിങ് ഏഷ്യാ കപ്പ് (അണ്ടര്‍ 23) മത്സരങ്ങളുണ്ട്. അതുകൊണ്ടാണ് ബിസിസിഐ കൂടുതൽ യുവതാരങ്ങളെ തേടുന്നത്. ഓൾ റൗണ്ടർമാരെ മാത്രമല്ല ക്യാംപിലേക്കു തിരഞ്ഞെടുത്തിട്ടുള്ളത്. ചിലർ ബാറ്റിങ് ഓൾ റൗണ്ടർമാരാണ്. അടുത്ത ലെവലിലേക്ക് ഉയരാൻ അവരെ പ്രാപ്തരാക്കുകയെന്നതാണു ലക്ഷ്യം.’’–ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോടു പറഞ്ഞു.
അർജുൻ തെൻഡുൽക്കർക്കു പുറമേ ഡൽഹി ക്യാപിറ്റൽസ് പേസർ ചേതൻ സാകരിയ, സൺറൈസേഴ്സ് ഓൾറൗണ്ടർ അഭിഷേക് ശർമ, കൊൽക്കത്ത പേസർ ഹർഷിത് റാണ എന്നിവരും 20 അംഗ പട്ടികയിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് അർജുൻ. 2023 സീസണിൽ മുംബൈയ്ക്കായി അരങ്ങേറിയ താരം നാല് മത്സരങ്ങൾ കളിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്ന അർജുൻ 2022–23 സീസണിൽ ഗോവയിലേക്കു മാറിയിരുന്നു. കൂടുതൽ അവസരങ്ങൾ തേടിയാണ് അർജുൻ തെൻഡുൽക്കർ ഗോവ ടീമിൽ ചേർന്നത്. രഞ്ജി ട്രോഫിയിൽ താരം സെഞ്ചറി നേടിയിരുന്നു.
English Summary: Arjun Tendulkar selected for all rounder camp at NCA