ADVERTISEMENT

ഇൻഡോർ∙ ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിജയിച്ചശേഷം ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് പേസർ ആവേശ് ഖാൻ. ബാംഗ്ലൂരും–ലക്നൗവും തമ്മിൽ ഏപ്രിലിൽ നടന്ന ആദ്യ ഗ്രൂപ്പുഘട്ട മത്സരത്തിലാണ് സംഭവം. ആർസിബി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ലക്നൗ മറികടന്നത്. അവസാനപന്ത് നേരിട്ട് ആവേശ് ഖാൻ, സിംഗിൾ എടുത്ത് ഓടി നോൺ സ്ട്രൈക്കേഴ്സ് എൻഡിലെത്തിയപ്പോഴാണ് അമിതാഹ്ലാദത്തിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞത്.

ഈ വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ആവേശിന് ഏറെ വിമർശനം നേരിടേണ്ടി വന്നു. ബാംഗ്ലൂരും– ലക്നൗവും തമ്മിൽ മേയ് 1നു നടന്ന രണ്ടാം ഗ്രൂപ്പുഘട്ട മത്സരത്തിൽ വിരാട് കോലി, ഗൗതം ഗംഭീർ, നവീൻ ഉൾ ഹഖ് എന്നിവർ ഉൾപ്പെട്ട പ്രശ്നത്തിലേക്ക് നയിച്ചതിന്റെ ഒരു കാരണവും ആവേശിന്റെ ഈ അമിതാവേശമായിരുന്നു. ഇതുകൂടാതെ, മത്സരശേഷം ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീർ ചിന്നസ്വാമിയിലെ കാണികളോട് നിശബ്ദരായിരിക്കണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.

ഇതിനു മറുപടിയെന്നോണം മേയ് 1നു നടന്ന മത്സരത്തിൽ കൂടുതൽ അഗ്രസീവായ കോലിയെയാണ് ഗ്രൗണ്ടിൽ കണ്ടത്. കൈൽ മെയേഴ്സ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരെ ഗ്രൗണ്ടിൽ വച്ച് കോലി പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മത്സരശേഷം നവീനും കോലിയും തമ്മിൽ കയർക്കുകയും ചെയ്തു. ഇരുവർക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ ചുമത്തിയത്. ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സംഭവത്തിൽ ആവേശ് ഖാൻ ഖേദം പ്രകടിപ്പിച്ചത്.

‘‘ഹെൽമറ്റ് വലിച്ചെറിഞ്ഞത് അൽപം കടന്നുപോയി. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത്. അത് ആ നിമിഷത്തെ ആവേശത്തിൽ സംഭവിച്ചു പോയതാണ്. ഇപ്പോൾ എനിക്ക് ദുഃഖമുണ്ട്.’’– ആവേശ് ഖാൻ പറഞ്ഞു. 2022 ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ആവേശ് ഖാൻ ഇന്ത്യൻ ടീമിലിടം ലഭിച്ചത്. 2022 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഇതുവരെ 15 ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് ആവേശ് ഖാൻ ഇന്ത്യയ്ക്കായി കളിച്ചത്. കൂടുതൽ ആഭ്യന്തര മത്സരങ്ങൾ കളിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

English Summary: Avesh Khan Regrets Throwing His Helmet in Celebration Against RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com