ADVERTISEMENT

മുംബൈ∙ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഐപിഎല്ലിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണിയെ വിലക്കണമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. 2019 ഐപിഎല്ലിനിടെ ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ച് ധോണി ഗ്രൗണ്ടിൽ ഇറങ്ങിയ സംഭവത്തിൽ നടപടി വേണമായിരുന്നെന്നാണ് സേവാഗിന്റെ നിലപാട്. സീസണിൽ ചെന്നൈ സൂപ്പർ കിങ്സ്– രാജസ്ഥാന്‍ റോയൽസ് മത്സരത്തിനിടെ നോ ബോളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഡഗ് ഔട്ടിൽനിന്ന് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്.

ചെന്നൈയ്ക്ക് ബാറ്റിങ്ങിനിടെ അംപയർ നോബോൾ ആനുകൂല്യം നൽകാതിരുന്നതോടെ ധോണി തർക്കിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഈ നടപടിയുടെ പേരിൽ ധോണിക്ക് രണ്ടോ, മൂന്നോ മത്സരങ്ങളിൽ വിലക്ക് നൽകണമായിരുന്നെന്നും മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തണമായിരുന്നെന്നും സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ധോണിയെ ഈ കാര്യത്തിൽ കുറഞ്ഞത് രണ്ടോ മൂന്നോ മത്സരങ്ങളിൽനിന്നു വിലക്കണമായിരുന്നു. കാരണം ധോണി അതു ചെയ്തെങ്കിൽ, നാളെ മറ്റേതെങ്കിലും ക്യാപ്റ്റൻമാരും ചെയ്യാൻ ശ്രമിക്കും. അങ്ങനെയെങ്കിൽ അംപയർമാർക്ക് എന്താണു വില? ചെന്നൈയുടെ രണ്ട് താരങ്ങൾ അപ്പോൾ തന്നെ ഗ്രൗണ്ടിലുണ്ട്. അതുകൊണ്ട് ധോണി ഗ്രൗണ്ടിൽ ഇറങ്ങേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല.’’– സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

മത്സരത്തിൽ 152 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ അവസാന പന്തിൽ മിച്ചൽ സാന്റ്നർ സിക്സടിച്ചാണു ജയിപ്പിച്ചത്. 2019 സീസണിൽ ചെന്നൈ ഫൈനൽ വരെയെത്തിയെങ്കിലും മുംബൈ ഇന്ത്യൻസിനോടു തോറ്റു.

English Summary: MS Dhoni should have been banned: Virender Sehwag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com