ADVERTISEMENT

ലണ്ടൻ∙ അടുത്ത വർഷം ബ്രിട്ടിഷ് പാസ്പോർട്ട് സ്വന്തമാക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ പേസർ മുഹമ്മദ് ആമിര്‍. ബ്രിട്ടിഷ് പൗരത്വമുള്ള നർജിസ് ഖാനെ 2006ൽ ആമിർ വിവാഹം കഴിച്ചിരുന്നു. 2020 മുതൽ ഇംഗ്ലണ്ടിൽ താമസമാക്കിയ മുഹമ്മദ് ആമിർ പാക്കിസ്ഥാൻ ദേശീയ ടീമിനു വേണ്ടി ഇപ്പോൾ കളിക്കുന്നില്ല. ബ്രിട്ടിഷ് പാസ്പോർട്ട് ലഭിച്ച ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ആമിർ ഇപ്പോൾ. ഭാവിയെക്കുറിച്ച് ആര്‍ക്കും അറിയാന്‍ സാധിക്കില്ലെന്ന് ആമിർ പ്രതികരിച്ചു.

പാസ്പോർട്ട് ലഭിച്ച ശേഷം, ലഭ്യമായ മികച്ച അവസരം ഉപയോഗിക്കുമെന്നും ആമിർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. 2008 ലെ ഉദ്ഘാടന സീസണിനു ശേഷം, ഐപിഎല്ലിൽ‌ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ കളിപ്പിച്ചിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് ഇരു ക്രിക്കറ്റ് ടീമുകളും ഏറ്റു മുട്ടുന്നത് ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ്. എന്നാൽ ബ്രിട്ടിഷ് പൗരത്വം ലഭിച്ചാൽ ആമിറിന് ഐപിഎൽ കളിക്കാൻ സാധിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമ ഷാറൂഖ് ഖാനുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ആമിർ വ്യക്തമാക്കി.

‘‘ഞാൻ അദ്ദേഹവുമായി ചർച്ച നടത്തിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് അറിയാം. പക്ഷേ പാക്കിസ്ഥാന്‍ താരങ്ങൾ ഐപിഎല്ലിൽ കളിക്കണമെന്നാണ് എല്ലാവർക്കും ആഗ്രഹം. ചില താരങ്ങളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാലും ആരും അതു തുറന്നു പറയില്ല. ബ്രിട്ടിഷ് പാസ്പോർട്ട് കിട്ടിയാലും ഇംഗ്ലണ്ട് ടീമിനായി ഞാൻ കളിക്കില്ല. കാരണം ഞാൻ പാക്കിസ്ഥാനു വേണ്ടി കളിച്ചുകഴിഞ്ഞു.’’– ആമിര്‍ വ്യക്തമാക്കി.

ഐപിഎൽ കളിക്കുന്ന കാര്യമാണെങ്കില്‍ തീരുമാനിക്കാൻ ഇനിയും ഒരു വര്‍ഷം മുന്നിലുണ്ട്. ആ സമയത്തെ സാഹചര്യം പോലെയിരിക്കും. ഞാൻ ഘട്ടം ഘട്ടമായാണു മുന്നോട്ടുപോകുന്നത്. നാളെ എന്തു നടക്കുമെന്നു നമുക്കു പറയാൻ സാധിക്കില്ല. 2024ല്‍ ഞാൻ ഐപിഎൽ കളിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങും. ഒരു വർഷം കൂടി കഴിയുമ്പോൾ‌ ഞാൻ എവിടെയായിരിക്കുമെന്ന് അറിയില്ല. എന്റെ പാസ്പോർട്ട് കിട്ടുമ്പോൾ, എനിക്കു മുന്നിലുള്ള മികച്ച അവസരം തന്നെ ഉപയോഗിക്കും.’’– ആമിര്‍ പ്രതികരിച്ചു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനമുയർത്തിയ ശേഷം 2020ലാണ് ആമിർ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. അതിനു ശേഷവും പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ താരം കളിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ട്വന്റി20 ലീഗുകളിലും ആമിർ കളിക്കുന്നുണ്ട്.

English Summary: Mohammed Amir On Possible IPL Debut After Getting British Passport In 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com