സ്മൃതി മന്ഥനയ്ക്ക് പിറന്നാൾ സർപ്രൈസ്; ബംഗ്ലദേശിൽ പറന്നിറങ്ങി ആൺസുഹൃത്ത്
Mail This Article
ധാക്ക∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന കഴിഞ്ഞ ദിവസമാണ് 27–ാം പിറന്നാൾ ആഘോഷിച്ചത്. ബംഗ്ലദേശിനെതിരായ ഏകദിന പരമ്പര കളിക്കാൻ മിര്‍പൂരിലാണ് ഇന്ത്യൻ സൂപ്പർ താരം ഇപ്പോഴുള്ളത്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിൽ സർപ്രൈസായി സുഹൃത്ത് പലാഷ് മുച്ചാൽ എത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
തിങ്കളാഴ്ച ബംഗ്ലദേശിലെത്തിയ പലാഷ് തൊട്ടടുത്ത ദിവസം സർപ്രൈസായി ഇന്ത്യൻ താരത്തെ കാണാനെത്തി. പിറന്നാൾ ആഘോഷവും നടത്തി. ഇന്ത്യൻ താരത്തോടൊപ്പമുള്ള ചിത്രം പലാഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകനായ പലാഷ് മുച്ചാലും സ്മൃതിയും പ്രണയത്തിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പലാഷിനൊപ്പമുള്ള ചിത്രങ്ങൾ സ്മൃതി മന്ഥനയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. ഭൂത്‍നാഥ് റിട്ടേൺസ്, ദിഷ്കിയോൺ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നൽകിയത് പലാഷ് മുച്ചാലാണ്.
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരമായ സ്മൃതി മന്ഥനയ്ക്ക് അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും തിളങ്ങാൻ സാധിച്ചിരുന്നില്ല. ബംഗ്ലദേശിനെതിരായ ആദ്യ ഏകദിനത്തില്‍ 12 പന്തുകളിൽ 11 റണ്‍സ് മാത്രമാണ് സ്മൃതി സ്വന്തമാക്കിയത്. ട്വന്റി20 പരമ്പരയിലും നിരാശപ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ 58 പന്തുകളിൽ 36 റണ്‍സ് സ്മൃതി സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ബംഗ്ലദേശിനോടു തോറ്റിരുന്നു.
English Summary: Smriti Mandhana's rumoured boyfriend travels to Bangladesh to surprise her