ADVERTISEMENT

ധാക്ക∙ ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിന മത്സരം നിയന്ത്രിച്ച അംപയർമാർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മൂന്നാം പോരാട്ടം സമനിലയിലായതിനു പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ അംപയര്‍മാർക്കെതിരെ ആഞ്ഞടിച്ചത്. ബംഗ്ലദേശിലെ അംപയർമാരുടെ നിലവാരം കണ്ട് ഞെട്ടിപ്പോയെന്ന് അവതാരകന്റെ ചോദ്യത്തിനു മറുപടിയായി ഹര്‍മൻപ്രീത്  പ്രതികരിച്ചു. അടുത്തവട്ടം ബംഗ്ലദേശിലേക്കു വരുമ്പോൾ കൂടുതൽ തയാറെടുപ്പുകൾ നടത്തുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

‘‘ഇവിടത്തെ അംപയറിങ് കണ്ട് ഇന്ത്യൻ താരങ്ങൾ അദ്ഭുതപ്പെട്ടുപോയി. ഇനി വരുമ്പോള്‍ അതിനെ കൈകാര്യം ചെയ്യാൻ കൂടി തയാറെടുക്കേണ്ടതുണ്ട്. ഞങ്ങളുടെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇവിടെയുണ്ട്. നിങ്ങൾ അവരെയും വേദിയിലേക്കു വിളിക്കുമെന്നാണു കരുതിയത്. പക്ഷേ കുഴപ്പമില്ല.’’– ഹർമൻപ്രീത് വ്യക്തമാക്കി. അതേസമയം ഹർമൻപ്രീതിന്റേത് മര്യാദയില്ലാത്ത പെരുമാറ്റമാണെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ തിരിച്ചടിച്ചു.

മത്സരത്തിനിടെ അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ക്യാപ്റ്റന്‍ വിക്കറ്റിൽ‌ ബാറ്റുകൊണ്ടു തല്ലിയിരുന്നു. ടീമുകള്‍ ഫോട്ടോയെടുക്കുമ്പോൾ ബംഗ്ലദേശ് ടീമിനൊപ്പം നിൽ‌ക്കാൻ ഹർമൻപ്രീത് അംപയർമാരെയും ക്ഷണിച്ചു. അംപയർമാരും ബംഗ്ലദേശ് ടീമിന്റെ ഭാഗമാണെന്നു കാണിക്കാനായിരുന്നു ഹർമന്റെ നീക്കമെന്നു വിമർശനം ഉയർന്നിരുന്നു. ഇതാണ് ബംഗ്ലദേശ് ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. ഒരു താരമെന്ന നിലയിൽ കൂടുതൽ മര്യാദയോടെ പെരുമാറേണ്ടത് ഹർമൻപ്രീത് കൗറിന്റെ ചുമതലയാണെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന പ്രതികരിച്ചു.

‘‘എന്താണു സംഭവിച്ചതെന്ന് എനിക്കു നിങ്ങളോടു പറയാൻ സാധിക്കില്ല. പക്ഷേ എന്റെ ടീമിനൊപ്പം അംപയർമാരെയും വിളിച്ചതു ശരിയായില്ല. ക്രിക്കറ്റ് അച്ചടക്കത്തിന്റേയും ബഹുമാനത്തിന്റേയും കളിയാണ്. നമുക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അംപയർമാരുടെ തീരുമാനം അന്തിമമാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ മര്യാദയോടെ പെരുമാറാമായിരുന്നു.’’– ബംഗ്ലദേശ് ക്യാപ്റ്റൻ വ്യക്തമാക്കി.

English Summary: Bangladesh captain blasts Harmanpreet Kaur for disrespecting umpires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com