ഇതെന്ത് ഔട്ട്? അംപയറോട് തർക്കിച്ച് ഇന്ത്യൻ ക്യാപ്റ്റൻ; ബാറ്റുകൊണ്ട് വിക്കറ്റിൽ തല്ലി– വിഡിയോ
Mail This Article
ധാക്ക∙ ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ പുറത്തായതിൽ പ്രതിഷേധിച്ച് വിക്കറ്റിൽ ബാറ്റുകൊണ്ട് അടിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ബംഗ്ലദേശ് താരങ്ങളുടെ എൽബിഡബ്ല്യു അപ്പീൽ അംപയർ അനുവദിച്ചതാണ് ഇന്ത്യൻ ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. പുറത്തായതു വിശ്വസിക്കാതെ കുറച്ചു നേരം ക്രീസിൽ തുടർന്ന ഹര്‍മൻ രോഷം മുഴുവൻ വിക്കറ്റിൽ തീർത്തു. ബാറ്റുകൊണ്ട് വിക്കറ്റിൽ അടിച്ച ശേഷം അംപയറോട് തർക്കിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ ഗ്രൗണ്ട് വിട്ടത്.
ബംഗ്ലദേശ് ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെ 34–ാം ഓവറിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പുറത്താകൽ. ബംഗ്ലദേശ് ബോളര്‍ നഹിദ അക്തറിന്റെ പന്തിൽ ഹർമൻപ്രീത് എൽബിഡബ്ല്യു ആകുകയായിരുന്നു. ബംഗ്ലദേശിൽനിന്നുള്ള അംപയർമാർക്കാണു മത്സരം നിയന്ത്രിക്കാനുള്ള ചുമതല ഏൽപിച്ചത്. മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യ ടൈ വഴങ്ങിയതോടെ പരമ്പര വിജയികൾക്കുള്ള ട്രോഫിയും പങ്കുവച്ചു. ജയിക്കാൻ 19 പന്തിൽ 19 റൺസ് മാത്രം വേണ്ടിയിരിക്കെ നാലു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മത്സരം അടിയറ വച്ചത്.
സ്കോർ: ബംഗ്ലദേശ്– 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225. ഇന്ത്യ– 49.3 ഓവറിൽ 225നു പുറത്ത്. മൂന്നു മത്സരപരമ്പര ഇതോടെ 1–1 സമനിലയായി. ആദ്യമത്സരം ബംഗ്ലദേശും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു. 42–ാം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സുരക്ഷിതനിലയിലായിരുന്ന ഇന്ത്യ 48 ഓവറായപ്പോഴേക്കും 9ന് 217 എന്ന നിലയിൽ തകർന്നു. അവസാന വിക്കറ്റിൽ ജമൈമ റോഡ്രിഗസും (33*) മേഘ്ന സിങും (6) പിടിച്ചു നിന്നതോടെ ഇന്ത്യയ്ക്കു വീണ്ടും പ്രതീക്ഷയായി. അവസാന ഓവറിൽ 2–ാം പന്തിൽ സ്കോർ തുല്യം.
എന്നാൽ അടുത്ത പന്തിൽ മേഘ്ന വിക്കറ്റ് കീപ്പർക്കു ക്യാച്ച് നൽകിയതോടെ ഇന്ത്യയ്ക്കു നിരാശ. ബംഗ്ലദേശിനു വേണ്ടി നാഹിദ അക്തർ മൂന്നും മറൂഫ അക്തർ രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തേ സ്മൃതി മന്ഥന (59) ഹർലീൻ ഡിയോൾ (77) എന്നിവരുടെ അർധ സെഞ്ചറികളാണ് ഇന്ത്യയ്ക്കു ഭദ്രമായ തുടക്കം നൽകിയത്. ബംഗ്ലദേശിനു വേണ്ടി ഫർഗാന അക്‌തർ സെഞ്ചറി (107) നേടി.
English Summary: Harmanpreet Kaur smashes stumps with bat after shock LBW