16 പന്തിനിടെ 4 വിക്കറ്റ്, കൈപ്പിടിയിലെത്തിയ മത്സരം കളഞ്ഞു കുളിച്ചു; ‘ടൈ’യിൽ കുരുങ്ങി ഇന്ത്യ
Mail This Article
മിർപുർ ∙ കൈപ്പിടിയിലെത്തിയ മത്സരം കളഞ്ഞു കുളിച്ച ഇന്ത്യ ബംഗ്ലദേശിനെതിരായ മൂന്നാം വനിതാ ഏകദിനത്തിൽ ടൈ വഴങ്ങി. ജയിക്കാൻ 19 പന്തിൽ 19 റൺസ് മാത്രം വേണ്ടിയിരിക്കെ നാലു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മത്സരം അടിയറ വച്ചത്. സ്കോർ: ബംഗ്ലദേശ്– 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225. ഇന്ത്യ– 49.3 ഓവറിൽ 225നു പുറത്ത്. മൂന്നു മത്സരപരമ്പര ഇതോടെ 1–1 സമനിലയായി. ആദ്യമത്സരം ബംഗ്ലദേശും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു. ഇരുടീമും ട്രോഫി പങ്കുവച്ചു.
42–ാം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സുരക്ഷിതനിലയിലായിരുന്ന ഇന്ത്യ 48 ഓവറായപ്പോഴേക്കും 9ന് 217 എന്ന നിലയിൽ തകർന്നു. അവസാന വിക്കറ്റിൽ ജമൈമ റോഡ്രിഗസും (33*) മേഘ്ന സിങും (6) പിടിച്ചു നിന്നതോടെ ഇന്ത്യയ്ക്കു വീണ്ടും പ്രതീക്ഷയായി. അവസാന ഓവറിൽ 2–ാം പന്തിൽ സ്കോർ തുല്യം. എന്നാൽ അടുത്ത പന്തിൽ മേഘ്ന വിക്കറ്റ് കീപ്പർക്കു ക്യാച്ച് നൽകിയതോടെ ഇന്ത്യയ്ക്കു നിരാശ. ബംഗ്ലദേശിനു വേണ്ടി നാഹിദ അക്തർ മൂന്നും മറൂഫ അക്തർ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തേ സ്മൃതി മന്ഥന (59) ഹർലീൻ ഡിയോൾ (77) എന്നിവരുടെ അർധ സെഞ്ചറികളാണ് ഇന്ത്യയ്ക്കു ഭദ്രമായ തുടക്കം നൽകിയത്. ബംഗ്ലദേശിനു വേണ്ടി ഫർഗാന അക്‌തർ സെഞ്ചറി (107) നേടി. ഹർലീനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
English Summary : India vs Bangladesh Third ODI Updates