ADVERTISEMENT

മുംബൈ∙ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾ വരും. മാച്ച് ഫീയുടെ 75 ശതമാനം പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ഹർമൻപ്രീതിന് മത്സരവിലക്കും നേരിടേണ്ടിവരും. താരത്തെ രണ്ട് മത്സരങ്ങളിൽനിന്ന് സസ്പെൻഡ് ചെയ്യാനൊരുങ്ങുകയാണ് ഐസിസി. ഹർമൻപ്രീതിനു മേൽ ഐസിസി നാലു ഡീമെറിറ്റ് പോയിന്റുകൾ ചുമത്തിയിട്ടുമുണ്ട്.

ഇന്ത്യയുടെ അടുത്ത രാജ്യാന്തര മത്സരങ്ങളിൽ ശിക്ഷ ബാധകമായാൽ ഏഷ്യന്‍ ഗെയിംസിലെ രണ്ട് കളികൾ ഹർമന്‍പ്രീതിനു നഷ്ടമാകും. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയിരുന്നു. റാങ്കിങ്ങിലെ ആദ്യ നാലു ടീമുകൾക്കാണ് ക്വാർട്ടർ ഫൈനൽ യോഗ്യതയുള്ളത്. ക്വാർട്ടർ പോരാട്ടവും, സെമിയിലെത്തിയാൽ ആ കളിയും ഇന്ത്യൻ ക്യാപ്റ്റനു നഷ്‍ടമാകും.

ഹർമൻപ്രീത് കളിക്കാതിരുന്നാൽ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയായിരിക്കും ഈ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. ബംഗ്ലദേശിനെതിരായ മൂന്നാം ഏ കദിനമത്സരത്തിൽ പുറത്തായതിനു പിന്നാലെ ഹർമൻപ്രീത് കൗർ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ചിരുന്നു. മത്സരം നിയന്ത്രിക്കുകയായിരുന്ന അംപയർമാരോടും ഇന്ത്യൻ ക്യാപ്റ്റൻ തർക്കിച്ചു.

മത്സരത്തിനു ശേഷം ഫോട്ടോ സെഷനിടെ ബംഗ്ലദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാൻ അംപയര്‍മാരെക്കൂടി വിളിക്കണമെന്ന് ഹർമൻപ്രീത് ആവശ്യപ്പെട്ടതും വിവാദത്തിലായി. മൂന്നാം ഏകദിനം സമനിലയിലാക്കിയത് അംപയർമാരാണെന്നും അവരും ബംഗ്ലദേശ് താരങ്ങളുടെ കൂടെ നിൽക്കേണ്ടവരാണെന്നും ഹർമൻപ്രീത് പറഞ്ഞതായാണു വിവരം. ഇതിനു പിന്നാലെ ഫോട്ടോയെടുക്കാതെ ബംഗ്ലദേശ് ടീം ഇറങ്ങിപ്പോയി.

English Summary: Harmanpreet Kaur in danger of getting 2 match ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com