ADVERTISEMENT

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾക്കെത്തുമ്പോൾ ബാറ്റർമാരുടെ മനസ്സിൽ സന്തോഷത്തിന്റെ പെരുമ്പറ കൊട്ടും. അനായാസം ഫോറും സിക്സും നേടാൻ കഴിയുന്ന അവിടുത്തെ നീളം കുറഞ്ഞ ബൗണ്ടറികൾ തന്നെ കാരണം. ഏഷ്യൻ ഗെയിംസിനായി ചൈനയിലേക്കു പറക്കാനൊരുങ്ങുന്ന ഇന്ത്യയുടെ ഋതുരാജ് ഗെയ്ക്‌വാദിനും സ്മൃതി മന്ഥനയ്ക്കുമെല്ലാം സന്തോഷിക്കാൻ വക നൽകി അവിടെയുമുണ്ട് ഒരു ‘ചിന്നസ്വാമി’ സ്റ്റേഡിയം.

ഹാങ്ചൗവിലെ ജെജാങ് യൂണിവേഴ്സിറ്റി ക്യാംപസിലാണ് ഏഷ്യൻ ഗെയിംസിലെ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾക്കു വേദിയൊരുക്കുന്ന കുഞ്ഞൻ ക്രിക്കറ്റ് മൈതാനം. ഒന്നു ബാറ്റുവീശിയാൽ പന്ത് ഗാലറി വിട്ടു പറക്കുന്ന ഈ സ്റ്റേഡിയത്തിൽ ഗെയിംസിനിടെ ടീം സ്കോർ ‘ട്രിപ്പിൾ സെഞ്ചറി’ കടന്നാലും അദ്ഭുതപ്പെടാനില്ല.

ചൈനക്കാർക്ക് ഒരു ക്രിക്കറ്റ് സ്റ്റേഡിയം ലഭിക്കണമെങ്കിൽ നാട്ടിൽ ഒരു ഏഷ്യൻ ഗെയിംസ് നടക്കണമെന്നതാണ് അവസ്ഥ. 2010ൽ ചൈനീസ് നഗരമായ ഗ്വാങ്ചൗ ആതിഥേയത്വം വഹിച്ച ഗെയിംസിലൂടെയാണ് ക്രിക്കറ്റ് ആദ്യമായി മത്സരയിനമാകുന്നത്. അന്നു നിർമിച്ച ഗ്വാങ്ചൗ സിറ്റി ഫോറക്സ് സ്റ്റേഡിയം ചൈനയിലെ ആദ്യത്തെ ക്രിക്കറ്റ് മൈതാനവുമായി. 13 വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ചൈനയിലേക്ക് എത്തുന്ന ഏഷ്യൻ ഗെയിംസിലൂടെയാണ് രാജ്യത്തെ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമാകുന്നത്. 2020 നവംബറിൽ ആരംഭിച്ച സ്റ്റേഡിയം നിർമാണം 7 മാസത്തിനുള്ളിൽ പൂർത്തിയായി. യൂണിവേഴ്സിറ്റി ക്യാംപസിലെ പച്ചപ്പിനു നടുവിലായുള്ള സ്റ്റേഡിയത്തിന്റെ നിർമാണ രീതിയും വിസ്മയകരമാണ്.

ആകെ 12,000 കാണികളെ  ഉൾക്കൊള്ളാൻ കഴിയുന്ന ജെജാങ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ബൗണ്ടറിയിലേക്കുള്ള കുറ‍ഞ്ഞ ദൂരം 55 മീറ്ററാണ്. 68 മീറ്ററാണ് കൂടിയ ദൂരം. ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ആരാധകർ ബൗണ്ടറികളുടെ പെരുമഴ പ്രവചിക്കുന്നതിനു കാരണവും ഇതാണ്.രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) മാനദണ്ഡം അനുസരിച്ച് പുരുഷ ട്വന്റി20 ക്രിക്കറ്റിലെ കുറഞ്ഞ ബൗണ്ടറി ദൂരം 59 മീറ്ററും വനിതാ മത്സരങ്ങളിൽ 54 മീറ്ററുമാണ്. എന്നാൽ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഐസിസി നിബന്ധന പാലിക്കേണ്ടതില്ല.

English Summary: Jejang University Stadium to host Asian Games cricket matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com