ADVERTISEMENT

ഐപിഎൽ ക്രിക്കറ്റിൽ പ്രതിഫലമായി ലഭിക്കുന്ന വൻതുക ക്രിക്കറ്റ് താരങ്ങളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റമുണ്ടാക്കി. സാധാരണ പശ്ചാത്തലത്തിൽനിന്നു വരുന്ന കളിക്കാർക്ക് ധാരാളം പണം കിട്ടുന്നത് അവരെ നശിപ്പിക്കാൻ വരെ ഇടയാക്കും. പണം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഇക്കാര്യത്തിൽ ക്രിക്കറ്റ് ബോർഡ് കളിക്കാർക്കു വേണ്ട പരിശീലനം നൽകണം– കപിൽ ദേവ് പറയുന്നു.

ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇന്നും കപിൽ ദേവിന്റെ പേരിലാണ്. 1983ൽ ആദ്യമായി ഇന്ത്യ ഏകദിന ലോകകപ്പ് ജേതാക്കളാകുമ്പോൾ കപിലിന് 24 വയസ്സായിരുന്നു. ലോകകപ്പ് നേട്ടത്തിന്റെ 40–ാം വാർഷികത്തിൽ, ഇന്ത്യ വീണ്ടുമൊരു ഏകദിന ലോകകപ്പിന് ആതിഥ്യമരുളുമ്പോൾ, അന്നത്തെ ഓർമകളും ഇന്നത്തെ പ്രതീക്ഷകളുമായി കപിൽ സംസാരിക്കുന്നു.

നോയിഡയിലെ മാഡം ടുസോഡ്സ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കപിൽ ദേവിന്റെ മെഴുകുപ്രതിമ.
നോയിഡയിലെ മാഡം ടുസോഡ്സ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കപിൽ ദേവിന്റെ മെഴുകുപ്രതിമ.

ആദ്യ ഏകദിന ലോകകപ്പ് നേട്ടത്തിനു 40 വയസ്സ്. 1983 ലോകകപ്പിലെ ഓർമകൾ? 

ലോകകപ്പിന്റെ തുടക്കത്തിൽ ടൂർണമെന്റ് ആസ്വദിച്ചു കളിക്കുക എന്നതിലുപരി മറ്റൊന്നും ഞങ്ങളുടെ മുന്നിൽ ഇല്ലായിരുന്നു. എന്നാ‍ൽ ആദ്യ മത്സരം ജയിച്ചതോടെ ഞങ്ങളുടെ ചിന്തകൾ മാറിത്തുടങ്ങി. ചിലതെല്ലാം നേടിയെടുക്കാൻ ഞങ്ങൾക്കു സാധിക്കുമെന്ന് വിശ്വാസം തോന്നിത്തുടങ്ങി. അപ്പോഴും ടീമിലെ ചിലർക്ക് ആത്മവിശ്വാസമില്ലായിരുന്നു. സിംബാബ്‍വെയ്ക്കെതിരായ മത്സരം ജയിച്ചതോടെ ലോകകപ്പ് നേടാൻ സാധിക്കുമെന്ന വിശ്വാസം എല്ലാവർക്കുമായി.

ബിസിസിഐയിൽ മുൻ കളിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതില്ലേ?  ബോർഡിന്റെ പ്രവർത്തനങ്ങളിൽ തൃപ്തനാണോ ?

എല്ലാ അംഗങ്ങളും മുൻ കളിക്കാർ ആകണമെന്നു നിർബന്ധമില്ല. ആരൊക്കെ വേണമെന്നു ബോർഡിനു തീരുമാനിക്കാം. നിലവിൽ ബോർഡിനെക്കുറിച്ച് പരാതികളൊന്നുമില്ല. എങ്കിലും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം എപ്പോഴുമുണ്ട്. ലോകകപ്പിനുള്ള മത്സരക്രമം ശ്രദ്ധിക്കൂ. 9 വേദികളിലായാണ് ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങൾ കളിക്കുന്നത്. ഓരോ മത്സരത്തിനും ശേഷമുള്ള യാത്ര അവരുടെ പ്രകടനത്തെ ബാധിക്കില്ലേ?  ഇതെല്ലാം ബിസിസിഐ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഇന്ത്യൻ ടീമിന്റെ സമീപകാല പ്രകടനങ്ങളെ എങ്ങനെ കാണുന്നു?

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ പ്രകടനത്തെക്കുറിച്ചു പറയാം. ടീം കോംബിനേഷൻ ഉൾപ്പെടെ നമ്മൾ എടുത്ത തീരുമാനങ്ങൾ ശരിയായിരുന്നോ?  ഓസ്ട്രേലിയൻ ബോളർമാരും നമ്മുടെ പേസർമാരും പന്തെറിഞ്ഞ പിച്ച് മാപ്പ് നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. അവർ കൃത്യമായ ലെങ്തിൽ പന്തെറിഞ്ഞപ്പോൾ നമ്മൾ ഷോർട്ട് ബോളുകൾ എറിയാൻ ശ്രദ്ധിച്ചു. ഫലം നമ്മുടെ മുന്നിലുണ്ട്. പരിചയക്കുറവാകാം ചിലപ്പോൾ തിരിച്ചടിയായത്.

ലോകകപ്പിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടോ?

യുവതാരങ്ങളുടെ ഊർജം പരമാവധി പ്രയോജനപ്പെടുത്തണം. പ്രത്യേകിച്ച് ഏകദിന മത്സരങ്ങളാകുമ്പോൾ. പരിചയസമ്പത്ത് തീർച്ചയായും ആവശ്യമാണ്. സീനിയർ താരങ്ങൾ കുറെക്കൂടി കരുതലോടെ കളിക്കാൻ ശ്രദ്ധിക്കും. ചില മത്സരങ്ങളിൽ അതു സഹായിച്ചേക്കുമെങ്കിലും ടൂർണമെന്റിൽ ഉടനീളം ആധിപത്യം നേടാൻ യുവതാരങ്ങളുടെ ഊർജവും ആരെയും കൂസാതെയുള്ള പ്രകടനവും ആവശ്യമാണ്.

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ തുടങ്ങിയ യുവതാരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമോ?

ടീം കോംബിനേഷനാണ് പ്രധാനം. ആ സമയത്തു ഫോമിലുള്ളയാളെ പരിഗണിക്കും. ഒരു വിക്കറ്റ് കീപ്പറെ ടീമിന് ആവശ്യമുണ്ട്. അങ്ങനെ വരുമ്പോൾ കെ.എൽ.രാഹുലോ സഞ്ജുവോ ആ സ്ഥാനത്തു വന്നേക്കാം.

English Summary : IPL changed players attitude: Kapil Dev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com