ADVERTISEMENT

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിൽ ആരാധകർ കാത്തിരിക്കവെ, അവസരം ലഭിക്കാൻ സാധ്യത വിരളമാണെന്ന് തുറന്നുപറഞ്ഞ് മുൻ താരവും ഇപ്പോൾ കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇപ്പോഴത്തെ സാഹചര്യത്തിൽ സഞ്ജുവിനേക്കാൾ ടീം മാനേജ്മെന്റ് മുൻഗണന നൽകുന്നത് ഇടംകയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണെന്ന് ആദ്യ ഏകദിനത്തോടെ വ്യക്തമായതായി ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. 

‘‘സഞ്ജുവിന് കളത്തിലിറങ്ങാൻ അവസരം ലഭിക്കുമോ എന്ന ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ടാകും. പക്ഷേ, അവസരം ലഭിക്കാൻ സാധ്യത തീരെ വിരളമാണ് എന്നതാണ് സത്യം. പരമ്പരയിൽ ഇതുവരെ നടന്ന ഒരേയൊരു മത്സരത്തിൽ സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റിന് സാധിച്ചില്ല. ഇഷാൻ കിഷനെ നാലാം നമ്പറിൽ കളിപ്പിക്കാനും കഴിഞ്ഞില്ല’ – ചോപ്ര ചൂണ്ടിക്കാട്ടി.

ലോകകപ്പിനു മുന്നോടിയായി മധ്യനിരയിലാണ് ഇന്ത്യയ്ക്ക് നല്ലൊരു താരത്തെ കണ്ടെത്തേണ്ടത് എന്നിരിക്കെ, ഒന്നാം ഏകദിനത്തിൽ ഇഷാൻ കിഷനെ ഓപ്പണറായി പരീക്ഷിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചതായി ചോപ്ര ചൂണ്ടിക്കാട്ടി. ഓപ്പണറെന്ന നിലയിൽ കിഷന്റെ മികവിനെക്കുറിച്ച് സംശയമില്ല. ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഓപ്പണർമാരെന്ന നിലയിൽ സ്ഥാനം ഉറപ്പാക്കിയ സാഹചര്യത്തിൽ നാലാം നമ്പറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കുന്നതിനല്ലേ പ്രാധാന്യം നൽകേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്.

സൂര്യകുമാർ യാദവിനെ ആറാം നമ്പറിൽ ഫിനിഷിങ് റോളിലേക്ക് പരിഗണിക്കണമെന്ന വാദം ഉയരുമ്പോൾ, ആദ്യ ഏകദിനത്തിൽ താരത്തെ വൺഡൗണാക്കിയതിനെക്കുറിച്ചും ചോപ്ര സംസാരിച്ചു. നിലവിലെ സാഹചര്യത്തിൽ സഞ്ജു സാംസണിന് കളിക്കാൻ അവസരം ലഭിക്കില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

English Summary: 'Sanju Samson will not be able to play': Ex-India opener's highlights brutal reality ahead of 2nd WI ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com