ADVERTISEMENT

ഹരാരെ∙ സിം ആഫ്രോ ടി10 ടൂർണമെന്റിൽ ജൊഹാനാസ്ബർഗ് ബഫലോസിനായി തകർത്തടിച്ച് ഇന്ത്യൻ‌ താരം യൂസഫ് പഠാൻ. ആവേശം വാനോളമുയർന്ന മത്സരത്തിൽ തകർത്തടിച്ച് പഠാൻ നേടിയ അർധസെഞ്ചറിയുടെ ബലത്തിൽ ജൊഹാനാസ്ബർഗ് ബഫലോസ് ഫൈനലിലെത്തി. ഒന്നാം ക്വാളിഫയറിൽ ഡർബൻ ക്വാലാൻഡേഴ്സിനെതിരെയാണ് യൂസഫ് പഠാന്റെ തകർപ്പൻ പ്രകടനം. 26 പന്തിൽ നാലു ഫോറും ഒൻപതു പടുകൂറ്റൻ‌ സിക്സറുകളും സഹിതമാണ് പഠാൻ 80 റൺസെടുത്തത്. ഇതിൽ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിറിനെതിരെ ഒരു ഓവറിൽ മൂന്നു സിക്സും ഒരു  ഫോറും സഹിതം നേടിയ 25 റൺസും ഉൾപ്പെടുന്നു.

ഇന്നു നടക്കുന്ന കലാശപ്പോരാട്ടത്തിൽ ജൊഹാനാസ്ബർഗ് ബഫലോസ് ഡർബൻ ക്വാലാൻഡേഴ്സിനെത്തന്നെ നേരിടും. രാത്രി 8.30നാണ് മത്സരം. രണ്ടാം ക്വാളിഫയറിൽ, എലിമിനേറ്റർ ജയിച്ചുവന്ന ഹരാരെ ഹറികെയ്ൻസിനെ തോൽപ്പിച്ചാണ് ഡർബൻ ഫൈനലിൽ കടന്നത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡർബൻ നിശ്ചിത 10 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 140 റൺസ്. പ്രഥമ സിം ആഫ്രോ ടി10 ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡുമായാണ് ഡർബൻ 140 റൺസ് േനടിയത്. മറുപടി ബാറ്റിങ്ങിൽ പഠാന്റെ  മികവിൽ ഒരു പന്തു ബാക്കിനിൽക്കെ ജൊഹാനാസ്ബർഗ് 142 റണ്‍സെടുത്ത് ഫൈനലിൽ കടന്നു.

ആന്ദ്രെ ഫ്ലെച്ചർ (14 പന്തിൽ 39), ആസിഫ് അലി (12 പന്തിൽ പുറത്താകാതെ 32), നിക് വെൽഷ് (ഒൻപതു പന്തിൽ പുറത്താകാതെ 24), ഓപ്പണർ മിർസ ബെയ്ഗ് (16 പന്തിൽ 20) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ടൂർണമെന്റിലെ ഉയർന്ന സ്കോർ എന്ന ഖ്യാതിയുമായി ഡർബൻ 140 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ നാലിന് 57 റൺസെന്ന നിലയിൽ തകർന്ന ജൊഹാനാസ്ബർഗിനെ യൂസഫ് പഠാൻ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ പഠാൻ, നാലു ഫോറും ഒരു പടുകൂറ്റൻ സിക്സറും സഹിതം 80 റൺസുമായി പുറത്താകാതെ നിന്നു.

ഇതിനിടെ മുഹമ്മദ് ആമിർ എറിഞ്ഞ എട്ടാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 25 റൺസ്, ബ്രാഡ് ഇവാൻസ് എറിഞ്ഞ 9–ാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം 19 റൺസ്, തെൻഡായ് ചത്താര എറിഞ്ഞ 10–ാം ഓവറിൽ ഒരു പന്തു ബാക്കിനിൽക്കെ രണ്ടു വീതം സിക്സും ഫോറും സഹിതം 21 റൺസ് എന്നിങ്ങനെ അടിച്ചെടുത്താണ് പഠാൻ ജൊഹാനാസ്ബർഗിനെ ഫൈനലിലെത്തിച്ചത്.

ക്യാപ്റ്റൻ കൂടിയായ ഓപ്പണർ മുഹമ്മദ് ഹഫീസ് (എട്ടു പന്തിൽ 17), വിൽ സ്മീഡ് (ഒൻപതു പന്തിൽ 16), മുഷ്ഫിഖുർ റഹിം (10 പന്തിൽ 14) എന്നിവർ പഠാന് പിന്തുണ നൽകി.

English Summary: Yusuf Pathan destroys Mohammad Amir, smashes 24 runs off former Pakistan star in T10 league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com