സ്വാധീനമുള്ളതുകൊണ്ടല്ല ക്രിക്കറ്റ് കളിക്കുന്നത്; വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് പരാഗ്
Mail This Article
മുംബൈ∙ മോശം പ്രകടനത്തിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളെ ഒരിക്കലും കാര്യമായെടുത്തിട്ടില്ലെന്ന് യുവ ക്രിക്കറ്റ് താരം റിയാൻ പരാഗ്. ‘‘മറ്റുള്ളവരുടെ വിമർശനങ്ങളെ ഒരിക്കലും ഞാൻ കാര്യമാക്കുന്നില്ല. മറ്റുള്ളവർ എന്നെപ്പറ്റി എന്തു ചിന്തിക്കുന്നുവെന്നതും വിഷയമല്ല. എങ്ങനെയാണോ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്, അതു തുടരാൻ തന്നെയാണു തീരുമാനം. എന്നാൽ സ്വാധീനമുള്ളതുകൊണ്ടാണു ഞാൻ ടീമില്‍ തുടരുന്നതെന്ന് ആളുകൾ പറഞ്ഞത് എന്നെ വേദനിപ്പിച്ചു. അസമിലെ ആളുകള്‍ ഐപിഎല്ലിൽ കളിച്ചിട്ടില്ല. എന്നാൽ ഞാൻ ഇനിയും ഏറെ നാൾ കളിക്കും.’’– പരാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഞാൻ നല്ലപോലെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നോട് അടുപ്പമുള്ളവരോടു ചോദിച്ചാൽ അതു മനസ്സിലാകും. സമൂഹമാധ്യമത്തിൽ പറയാത്തതിനാൽ അതെല്ലാം ആരും ശ്രദ്ധിക്കുന്നില്ല. നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ താൽപര്യമില്ലെങ്കിൽ, സ്വന്തം അനുമാനങ്ങളിൽ ഉറച്ചുനിൽക്കാം.’’– റിയാൻ പരാഗ് വ്യക്തമാക്കി. ഐപിഎൽ 2023 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന റിയാൻ പരാഗിന് തിളങ്ങാൻ സാധിച്ചിരുന്നില്ല.
ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ റിയാൻ പരാഗിനെ രാജസ്ഥാൻ പ്ലേയിങ് ഇലവനിൽനിന്ന് മാറ്റിയിരുന്നു. 54 ഐപിഎൽ മത്സരങ്ങൾ കളിച്ചപ്പോൾ 16.22 ആണ് പരാഗിന്റെ ശരാശരി. പരാഗിന്റെ കുടുംബത്തിന് രാജസ്ഥാൻ ഫ്രാഞ്ചൈസിയുമായി ബന്ധമുള്ളതിനാലാണ് താരം ടീമിൽ തുടരുന്നതെന്നും സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്നിരുന്നു. എമർജിങ് ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കായി താരം കളിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദേവ്ധർ ട്രോഫിയിൽ രണ്ട് സെഞ്ചറിയും പരാഗ് നേടി.
English Summary: India A Star Blasts Critics For Accusing Him Of Playing Due To 'Connections'