ADVERTISEMENT

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താൻ സാധ്യത കുറവ്. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലും ലോകകപ്പ് ടീമിൽനിന്നു പുറത്താകുമെന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഹിത് ശർമ നയിക്കുന്ന ടീമിൽ ശുഭ്മൻ ഗിൽ ക്യാപ്റ്റനൊപ്പം ഓപ്പണറാകും. 2019 ലോകകപ്പിലെ ടോപ് സ്കോററായ രോഹിത് അതേ പ്രകടനം ഇന്ത്യയിൽ ആവർത്തിക്കാമെന്ന് പ്രതീക്ഷയിലാണ്. മുൻ ക്യാപ്റ്റൻ വിരാട് കോലി വൺ‍ഡൗണായി ബാറ്റിങ്ങിന് ഇറങ്ങും. പരുക്കുമാറി തിരിച്ചെത്തിയാൽ ശ്രേയസ് അയ്യർ നാലാമനായി കളിക്കും. അല്ലെങ്കിൽ സൂര്യകുമാർ യാദവ് ഇറങ്ങും.

ഋഷഭ് പന്തിന്റെ അഭാവത്തിൽ കെ.എൽ. രാഹുൽ ഇന്ത്യയുടെ പ്രധാന കീപ്പറാകാനാണു സാധ്യത. ഐപിഎല്ലിനിടെ പരുക്കേറ്റ രാഹുൽ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കും. ഫോം കണ്ടെത്തിയാൽ സ്വാഭാവികമായും രാഹുൽ ലോകകപ്പ് ടീമിലുമെത്തും. രാഹുൽ ഇല്ലെങ്കിൽ യുവതാരം ഇഷാൻ കിഷന് നറുക്കു വീഴും. വെസ്റ്റിൻ‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഇഷാ‌നെ ഇന്ത്യയ്ക്കു ബാക്കപ്പ് ഓപ്പണറായും ഇറക്കാം. ഇതാണ് സഞ്ജുവിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നത്.

ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലുണ്ടാകും. സ്പിന്നർമാരായി കുൽദീപ് യാദവും അക്ഷര്‍ പട്ടേലും കളിച്ചേക്കാനാണു സാധ്യത. കുൽദീപ് യാദവ് മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. അക്ഷർ പട്ടേലിനെയാകട്ടെ ബാറ്റിങ്ങിലും ഉപയോഗിക്കാം. ഇതോടെ യുസ്‌‍വേന്ദ്ര ചെഹൽ ടീമിനു പുറത്താകും. പേസർമാരെ ജസ്പ്രീത് ബുമ്രയായിരിക്കും നയിക്കുക. പരുക്കുമാറിയ ബുമ്ര അയർലൻഡിനെതിരെ ക്യാപ്റ്റനായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ എന്നിവരും ടീമിലുണ്ടാകും.

ഇന്ത്യയുടെ ഏകദിന ലോകകപ്പ് സാധ്യതാ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ.

English Summary: No Sanju Samson, Chahal; India's likely squad for ODI World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com