ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തതിനു പിന്നാലെ യുവ ഇന്ത്യൻ താരം പൃഥ്വി ഷായ്ക്കു വൻ തിരിച്ചടി. ദുർഹാമിനെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെ താരത്തിനു പരുക്കേറ്റതായി നോർത്താംപ്ടൻഷെയർ സമൂഹമാധ്യമത്തിൽ അറിയിച്ചു. ഇന്ത്യൻ യുവ താരത്തിന്റെ കാൽമുട്ടിനാണു പരുക്കേറ്റത്. പൃഥ്വി ഷായ്ക്ക് കൗണ്ടി ക്രിക്കറ്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ഓഗസ്റ്റ് 13ന് നടന്ന മത്സരത്തിൽ നോർത്താംപ്ടൻ ആറു വിക്കറ്റുകൾക്കു വിജയിച്ചിരുന്നു. 76 പന്തുകൾ നേരിട്ട പൃഥ്വി ഷാ ഈ മത്സരത്തിൽ 125 റൺസെടുത്തു പുറത്താകാതെ നിന്നിരുന്നു.

പൃഥ്വി ഷായ്ക്കു ചെറിയ പരുക്കു മാത്രമാണുള്ളതെന്നായിരുന്നു ക്ലബ് ആദ്യം കരുതിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനകൾക്കു ശേഷമാണു പരുക്കിന്റെ തീവ്രതയെക്കുറിച്ചു വ്യക്തമായതെന്നും നോർത്താംപ്ടൻഷെയർ പ്രസ്താവനയിൽ അറിയിച്ചു. ഇംഗ്ലണ്ടിലെ വൺഡേ കപ്പ് 2023 ൽ നാല് ഇന്നിങ്സുകളിൽ മാത്രം ബാറ്റു ചെയ്ത പൃഥ്വി ഷാ 429 റൺസെടുത്തിരുന്നു. ഓഗസ്റ്റ് ഒൻപതിനു സോമർസെറ്റിനെതിരായ പോരാട്ടത്തിൽ 153 പന്തുകളിൽനിന്ന് 244 റൺസ് താരം നേടിയിരുന്നു.

പൃഥ്വി ഷായെപ്പോലൊരു താരത്തെ നഷ്ടമാകുന്നത് നോര്‍‌ത്താംപ്ടൻഷെയർ ടീമിന് വൻ തിരിച്ചടിയാണെന്ന് പരിശീലകൻ ജോൺ സാഡ്‍ലർ പ്രതികരിച്ചു. ‘‘ചെറിയ കാലയളവിൽ ക്ലബ്ബിൽ വലിയ സ്വാധീനമാണ് പൃഥ്വി ഷാ ഉണ്ടാക്കിയിരിക്കുന്നത്. പരുക്കുമാറി അദ്ദേഹത്തിന് എത്രയും പെട്ടെന്നു ക്രിക്കറ്റിലേക്കു മടങ്ങിവരാൻ സാധിക്കട്ടെ.’’– ജോൺ സാഡ്‍ലർ പ്രതികരിച്ചു.

ക്രിക്കറ്റിൽ ഫോം നഷ്ടമായിത്തുടങ്ങിയതോടെയാണ് പൃഥ്വി ഷാ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചത്. ഐപിഎൽ 2023 സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന പൃഥ്വി ഷായ്ക്കു മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഏതാനും മത്സരങ്ങൾക്കു ശേഷം താരത്തെ പ്ലേയിങ് ഇലവനിൽനിന്നു മാറ്റിനിർത്തി. പിന്നീട് ഇന്ത്യന്‍ ടീമിലും പൃഥ്വി ഷായ്ക്ക് അവസരങ്ങൾ ലഭിച്ചില്ല. 

English Summary: Huge Blow For Prithvi Shaw, Knee Injury Rules Star Out Of Northamptonshire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com