സഞ്ജു സാംസൺ കിങ് ഓഫ് കേരള, ആവേശത്തിലായി കമന്റേറ്റർ; അയർലൻഡിലും ആർപ്പുവിളി

Mail This Article
ഡബ്ലിൻ∙ അയർലൻഡിലും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ സ്നേഹം കൊണ്ടു പൊതിഞ്ഞ് ക്രിക്കറ്റ് ആരാധകർ. അയർലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ സഞ്ജു ബാറ്റിങ്ങിനിറങ്ങിയപ്പോൾ സ്റ്റേഡിയത്തിലെ ആരാധകരൊന്നാകെ ‘സഞ്ജു, സഞ്ജു’ വിളികളുമായെത്തി. അപ്രതീക്ഷിതമായി സ്റ്റേഡിയത്തിലുണ്ടായ ബഹളം ശ്രദ്ധയിൽപെട്ട കമന്റേറ്റർമാരും ആവേശത്തിലായി. ബാറ്റിങ്ങിനെത്തിയ സഞ്ജുവിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണു കമന്റേറ്റർമാർ സംസാരിച്ചത്.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ രാജാവ്, കേരളത്തിന്റേയും എന്നാണ് കമന്റേറ്റർ പ്രതികരിച്ചത്. സഞ്ജുവിനുള്ള വൻ ജനപ്രീതിയെക്കുറിച്ചും കമന്റേറ്റർമാര്‍ എടുത്തുപറഞ്ഞു. മലയാളികൾ ഏറെയുള്ള അയർലൻഡിൽ സഞ്ജുവിന്റെ കളി കാണാൻ അവരെത്തുമെന്ന് സംഘാടകർക്ക് ഉറപ്പായിരുന്നു. മത്സരങ്ങളുടെ ടിക്കറ്റെല്ലാം നേരത്തേ തന്നെ വിറ്റുപോയിരുന്നു.
ആദ്യ മത്സരത്തിൽ മഴ നിയമപ്രകാരം രണ്ടു റൺസിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 47 എന്ന നിലയിൽ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണു മഴയെത്തിയത്. മഴ കനത്തതോടെ ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തിൽ ഒരു പന്തു മാത്രം നേരിട്ട സഞ്ജു ഒരു റൺസെടുത്തു നിൽക്കെയാണ് കളി തടസ്സപ്പെട്ടത്.
2022 ൽ ഇന്ത്യൻ ടീം അയർലൻഡിലെത്തിയപ്പോഴും ടീമിനൊപ്പം സഞ്ജു സാംസണുണ്ടായിരുന്നു. അന്ന് സഞ്ജു അർധ സെഞ്ചറി തികച്ചിരുന്നു. ഓപ്പണറായി ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു 42 പന്തുകളിൽനിന്ന് 77 റൺസ് സ്കോർ ചെയ്തിരുന്നു. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരാട്ടം ഞായറാഴ്ച ഡബ്ലിനിൽ നടക്കും. ഓഗസ്റ്റ് 23നാണു മൂന്നാം മത്സരം.
English Summary: Fans screams for Sanju Samson in Ireland