ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടു റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ പോയതോടെ മഴ നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര അയർലൻഡിനെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റൺസാണ് അയർലൻഡ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലുണ്ടായപ്പോഴാണ് മഴയെത്തിയത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നൽകിയത്. 6.2 ഓവറിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ ഇന്ത്യ നേടിയത് 46 റൺസ്. ബാറ്റിങ്ങിനിടെ ഇരുവരുടെയും ആശയക്കുഴപ്പത്തിന്റെ പേരിൽ ഋതുരാജ് ഗെയ്ക്‌വാദ് പുറത്താകേണ്ടതായിരുന്നു. എന്നാൽ അയർലൻഡ് ഫീൽഡർമാരുടെ പിഴവു കാരണം ഇന്ത്യൻ ബാറ്റർമാർ രക്ഷപെട്ടുപോയി.

ഇന്ത്യൻ ബാറ്റിങ്ങിനിടെ രണ്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ജോഷ്വ ലിറ്റിലിന്റെ പന്തു നേരിട്ട യശസ്വി ജയ്സ്വാൾ സിംഗിളിനു ശ്രമിച്ചു. നോൺ സ്ട്രൈക്കേഴ്സ് സൈഡിലുണ്ടായിരുന്ന ഋതുരാജ് ഗെയ്ക്‌വാദ് റണ്ണിനായി കുറച്ചു മുന്നോട്ട് ഓടിയെങ്കിലും പിന്നീട് വേണ്ടെന്നു പറഞ്ഞു തിരിച്ചോടുകയായിരുന്നു. ഈ സമയത്ത് യശസ്വി ജയ്സ്വാൾ എതിർ ഭാഗത്തെ ക്രീസിലേക്ക് ഓടിക്കയറിയിരുന്നു. തുടര്‍ന്ന് ഋതുരാജ് സ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസിലേക്കു ഓടിയെത്തി. 

പുറത്താക്കാൻ ലഭിച്ച അവസരം പാഴായതോർത്ത് അയർലൻഡ് താരങ്ങൾ തലയിൽ കൈവച്ചു നിൽക്കുകയായിരുന്നു അപ്പോൾ‌. 16 പന്തുകളിൽനിന്ന് 19 റൺസെടുത്ത ഋതുരാജ് ഗെയ്ക്‌വാദ് മത്സരത്തിൽ പുറത്താകാതെനിന്നു. 23 പന്തിൽ 24 റൺസെടുത്ത യശസ്വി ജയ്സ്വാള്‍ പുറത്തായി മടങ്ങി. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് ജയ്സ്വാൾ ആദ്യ മത്സരത്തിൽ നേടിയത്.

English Summary: Yashasvi Jaiswal, Ruturaj Gaikwad Run In Same Direction, Yet Survive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com