ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 33 റൺസിന്റെ ജയം. 186 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന്റെ ഇന്നിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു. അയർലൻഡിനായി ഓപ്പണർ ആന്‍ഡ്രൂ ബാൽബിർനി 51 പന്തിൽനിന്ന് 72 റൺസുമായി പൊരുതിയെങ്കിലും പിന്തുണ നൽകാൻ‌ മറ്റാർക്കും കഴിഞ്ഞില്ല.

ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റു വീതവും അർഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2–0). പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കും.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി. അർധ സെഞ്ചറി നേടിയ ഋതുരാജ് ഗെയ്ക്‌വാദിന്റേയും, 40 റൺസ് നേടിയ സഞ്ജു സാംസന്റേയും ഇന്നിങ്സുകൾ ഇന്ത്യൻ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. നാലാം നമ്പരിലിറങ്ങിയ സഞ്ജു 26 പന്തിൽ 5 ഫോറും ഒരു സിക്സുമുൾപ്പെടെയാണ് 40 റൺസ് നേടിയത്.

അയർലൻഡിനെതിരെ ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക്‌വാദിന്‍റെ ബാറ്റിങ്. Photo: Twitter/ @BCCI
അയർലൻഡിനെതിരെ ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക്‌വാദിന്‍റെ ബാറ്റിങ്. Photo: Twitter/ @BCCI

യശസ്വി ജയ്‌വാൾ (11 പന്തിൽ 18), തിലക് വർമ (2 പന്തിൽ 1 റൺ), റിങ്കു സിങ് (21 പന്തിൽ 38) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. ശിവം ദുബെ 22 റൺസുമായി പുറത്താകാതെ നിന്നു. അയർലൻഡിനായി ബാരി മക്കാർത്തി 2 വിക്കറ്റും മാർക് അദൈർ, ക്രെയ്ഗ് യങ്, ബെഞ്ചമിൻ വൈറ്റ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ഒരുഘട്ടത്തിൽ 2ന് 34 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ സഞ്ജുവും ഗെയ്ക്‌വാദും ചേർന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 43 പന്ത് നേരിട്ട ഗെയ്ക്‌വാദ് 6 ഫോറും ഒരു സിക്സും സഹിതം 58 റൺസ് നേടിയാണ് പുറത്തായത്. അഞ്ചാം വിക്കറ്റിൽ റിങ്കു സിങും ശിവം ദുബെയും ചേർന്നുണ്ടാക്കിയ 55 റൺസിന്റെ കൂട്ടുകെട്ടാണ് സ്കോർ 180 കടത്തിയത്. നിർണായക ഘട്ടത്തിൽ സ്കോർ ഉയർത്തിയ റിങ്കു സിങാണ് കളിയിലെ താരം.

English Summary: India vs Ireland 2nd T20I Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com