ADVERTISEMENT

ഹരാരെ∙ സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന റിപ്പോർട്ടുകൾ തിരുത്തി മുൻ സിംബാബ്‌വെ താരം ഹെൻറി ഒലോങ്ക രംഗത്ത്. ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും, സ്ട്രീക്കുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം ഒലോങ്ക വ്യക്തമാക്കി. ഹീത്ത് സ്ട്രീക്ക് അന്തരിച്ചതായി ആദ്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചവരിൽ ഒരാളാണ് ഒലോങ്ക.

‘‘ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു. അദ്ദേഹവുമായി ഞാൻ അൽപം മുൻപ് സംസാരിച്ചു. തേഡ് അംപയർ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്’ – ഒലോങ്ക കുറിച്ചു.

അർബുദ ബാധിതനായി ചികിത്സയിലിരിക്കെ സ്ട്രീക്ക് അന്തരിച്ചെന്നായിരുന്നു റിപ്പോർട്ട്. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്.

1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്‌വെയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‍വെയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയതിന്റെ റെക്കോർഡ് സ്ട്രീക്കിന്റെ പേരിലാണ്.

വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിങ് പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്‍വെ ടീമുകളെയും പരിശീലിപ്പിച്ചു.

English Summary: Hours after tweeting about Heath Streak's death, Henry Olonga confirms Zimbabwe cricket great is alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com