ADVERTISEMENT

ന്യൂഡൽഹി∙ ലോകകപ്പിൽ കളിക്കുന്നത് ടീം ഇന്ത്യയല്ലെന്നും ടീം ഭാരത് ആണെന്നും മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിസിസിഐയുടെ എക്സ് പ്ലാറ്റ്ഫോമിലെ (ട്വിറ്റർ) ട്വീറ്റ് പങ്കുവച്ചാണ് സേവാഗിന്റെ തിരുത്ത്. രാഷ്ട്രീയത്തിൽ തനിക്കു യാതൊരു താൽപര്യവുമില്ലെന്നും സേവാഗ് പ്രതികരിച്ചു. ഗൗതം ഗംഭീറിനു മുൻപേ നിങ്ങൾ പാർലമെന്റ് അംഗമാകണമായിരുന്നെന്ന ഒരാളുടെ പ്രതികരണത്തിനു മറുപടിയായിട്ടായിരുന്നു സേവാഗ് നിലപാടു വ്യക്തമാക്കിയത്.

‘‘എനിക്കു രാഷ്ട്രീയത്തിൽ താൽപര്യമില്ല. രാജ്യത്തെ രണ്ടു പാർട്ടികളും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എന്നെ സമീപിച്ചതാണ്. സിനിമാ താരങ്ങളും കായിക താരങ്ങളും രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നാണ് എന്റെ നിലപാട്. ക്രിക്കറ്റും കമന്റേറ്റിങ്ങും ഞാൻ ഇഷ്ടപ്പെടുന്നു. പാർട്ട് ടൈം എംപിയാകാൻ താൽപര്യമില്ല.’’– സേവാഗ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ ഭാരത് എന്ന് എഴുതണമെന്ന് സേവാഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ‘‘നമ്മളെല്ലാം ഭാരതീയരാണ്. ഇന്ത്യയെന്ന പേരു നൽകിയതു ബ്രിട്ടീഷുകാരാണ്. ഭാരത് എന്ന ശരിയായ പേരിലേക്കു മടങ്ങിപ്പോകുന്നത് ഏറെ വൈകിയിരിക്കുന്നു.’’– സേവാഗ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഏകദിന ലോകകപ്പിൽ ഇന്ത്യന്‍ താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്ന പേരുവരുന്നതിന് ബിസിസിഐയും ജയ്ഷായും നടപടിയെടുക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. മറ്റു പല രാഷ്ട്രങ്ങളും പഴയ പേരുകളിലേക്കു തിരികെപ്പോയിട്ടുണ്ടെന്നും സേവാഗ് വാദിച്ചു.

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി സൂചനയുണ്ട്. പേരുമാറ്റത്തിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടർന്നത്.

English Summary: Not team India, its team Bharat: Virender Sehwag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com