ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുറത്തുനിന്നുള്ളവരുടെ ഉപദേശങ്ങൾ ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. വിദേശത്തെ ക്രിക്കറ്റ് വിദഗ്ധർ ഇന്ത്യൻ ടീമിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നാണു ഗാവസ്കറിന്റെ നിലപാട്. ‘‘ഇന്ത്യയ്ക്കു പുറത്തുനിന്നും പല അഭിപ്രായങ്ങളും വരും. മാധ്യമങ്ങൾ അവയ്ക്കു പ്രാധാന്യം കൊടുക്കുകയാണ്. ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങളും പാക്കിസ്ഥാൻ താരങ്ങളുമുണ്ട്. ഇന്ത്യൻ ടീമിനെക്കുറിച്ച് എന്താണ് അവര്‍ക്ക് ഇത്ര ഉത്കണ്ഠ?’’– ഗാവസ്കർ ചോദിച്ചു.

‘‘ഏതെങ്കിലും ഇന്ത്യൻ താരം പാക്കിസ്ഥാന്റേയോ, ഓസ്ട്രേലിയയുടേയോ ടീമുകളെ തിരഞ്ഞെടുക്കാറുണ്ടോ? അതു ഞങ്ങളുടെ പണിയല്ല. എന്നാൽ മറ്റുള്ളവർ അതു ചെയ്യാൻ നമ്മൾ അനുവദിക്കുന്നുണ്ട്. പാക്കിസ്ഥാൻകാർക്ക് വിരാട് കോലിക്കും രോഹിത് ശർമയ്ക്കും മുകളിലാണ് ബാബർ അസം. ഷഹീൻ ഷാ അഫ്രീദിയും മറ്റുള്ളവരെക്കാൾ മികച്ചതാണ്. സച്ചിൻ തെൻഡുൽക്കറെക്കാളും മികച്ചത് ഇൻസമാം ഉൾ ഹഖാണെന്ന് അവർ പറയും. അവരെ സംബന്ധിച്ച് നമ്മളേക്കാൾ മികച്ചത് അവരാണ്. അങ്ങനെയാണ് അവരുടെ ആരാധകരോടും പറയുക.’’– ഗാവസ്കർ വ്യക്തമാക്കി.

‘‘ആരൊക്കെ ഇന്ത്യൻ ടീമില്‍ വേണമെന്ന് ദക്ഷിണാഫ്രിക്കക്കാരും ഓസ്ട്രേലിയക്കാരുമൊക്കെ പറയുകയാണ്. മൂന്നാമതും നാലാമതും ആരൊക്കെ ബാറ്റു ചെയ്യണമെന്ന് അവർ പറയും. ഇന്ത്യയ്ക്കു നിങ്ങളുടെ ഉപദേശമൊന്നും ആവശ്യമില്ല.’’– ഗാവസ്കർ പറഞ്ഞു. ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ ബിസിസിഐ ചൊവ്വാഴ്ചയാണു പ്രഖ്യാപിച്ചത്.

രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ. പരുക്കുമാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. മലയാളി താരം സഞ്ജു സാംസൺ, യുവതാരം തിലക് വർമ എന്നിവരെ ടീമിലെടുത്തില്ല. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനും ടീമിൽ അവസരം ലഭിച്ചില്ല.

English Summary: Don't Need Your Advice: Gavaskar Shuts Down Pakistan, Australian Experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com