ADVERTISEMENT

മുംബൈ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻ തലവൻ നജാം സേഥിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഏഷ്യാകപ്പിനെച്ചൊല്ലി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സേഥി എന്താണു പുകയ്ക്കുന്നതെന്ന് തനിക്ക് അറിയില്ലെന്ന് ഹർഭജൻ സിങ് പ്രതികരിച്ചു. 

‘‘നജാം സേഥി ഇപ്പോൾ എന്താണു വലിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനാണ് ഫേവറേറ്റുകളെന്ന് സേഥി എന്തുകൊണ്ടാണു പറയുന്നതെന്നു മനസ്സിലാകുന്നില്ല. ഇന്ത്യയ്ക്കു പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്നൊക്കെയാണു വാദം. നേര്‍ക്കുനേർ വന്നപ്പോഴെല്ലാം ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചതിന്റെ കണക്ക് അവർക്കു കാണിച്ചുകൊടുക്കുക.’’– ഹർഭജൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘നജാം സേഥിയുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണ്. പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യയ്ക്കു പേടിയാണെന്നാണു പറയുന്നത്. ഇന്ത്യയ്ക്ക് ആരെയും പേടിയില്ല. എവിടെനിന്നാണ് ഇതൊക്കെ വരുന്നതെന്ന് മനസ്സിലാകുന്നില്ല. കാലാവസ്ഥ നേരെയാണെങ്കിലും, അല്ലെങ്കിലും നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഇന്ത്യയെ നേരിട്ടുനോക്കുക, ഞങ്ങൾ നിങ്ങളെ തോൽപിച്ചിരിക്കും.’’– ഹർഭജൻ സിങ് അവകാശപ്പെട്ടു.

ഇന്ത്യ– പാക്കിസ്ഥാൻ മത്സരം കൊളംബോയിൽനിന്നു ഹമ്പൻതോട്ടയിലേക്കു മാറ്റിയ ശേഷം ഈ തീരുമാനം ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ചേർന്നു പിൻവലിച്ചെന്ന് നജാം സേഥി എക്സ് പ്ലാറ്റ്ഫോമിൽ ആരോപിച്ചിരുന്നു. ‘‘കളി മാറ്റി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ്, കൊളംബോയാണു വേദിയെന്ന് അവർ പ്രഖ്യാപിച്ചത്. എന്താണ് ഇവിടെ നടക്കുന്നത്? ഇന്ത്യയ്ക്കു പാക്കിസ്ഥാനെതിരെ കളിക്കാൻ ഭയമാണോ?’’– നജാം സേഥി ചോദിച്ചു.

English Summary: Harbhajan Singh Blasts Ex-PCB Chief For India Afraid Comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com