സൂര്യ കംപ്ലീറ്റ് പ്ലേയർ, എതിരാളികൾക്ക് സമ്മർദമാകും; സഞ്ജു ഔട്ടാകാൻ സാധ്യതയേറെ: ഹർഭജൻ
Mail This Article
മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സൂര്യകുമാർ യാദവ് ഒരു ‘കംപ്ലീറ്റ് പ്ലേയർ’ ആണെന്നും വിരാട് കോലിക്കും, രോഹിത് ശര്‍മയ്ക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സൂര്യകുമാറിനു കഴിയുമെന്നും ഹർഭജൻ സിങ് വ്യക്തമാക്കി. ‘‘സഞ്ജു സാംസണോട് സിലക്ടർമാർ ദയയില്ലാതെ പെരുമാറിയെന്ന് എനിക്കു തോന്നുന്നില്ല. സഞ്ജു മികച്ച താരം തന്നെയാണ്. പക്ഷേ ലോകകപ്പ് ടീമിൽ 15 താരങ്ങളെ മാത്രമേ എടുക്കാൻ സാധിക്കൂ. സഞ്ജു സാംസണു പകരം സൂര്യകുമാർ യാദവിനെ ടീമിൽ എടുത്തതു ശരിയായ കാര്യം തന്നെയാണ്.’’– ഹർഭജൻ സിങ് പ്രതികരിച്ചു.
‘‘മധ്യഓവറുകളിൽ സൂര്യകുമാർ യാദവ് കളിക്കുന്നതുപോലെ സഞ്ജുവിനു കളിക്കാൻ സാധിക്കില്ല. വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കുമെന്ന ഉറപ്പ് സൂര്യകുമാർ യാദവിൽനിന്നു നമുക്കു ലഭിക്കും. സഞ്ജു ആദ്യ പന്തു മുതൽ വമ്പനടികൾക്കു ശ്രമിക്കുന്നുണ്ട്. പക്ഷേ പുറത്താകാനുള്ള സാധ്യത വളരെയേറെയാണ്. സൂര്യകുമാർ യാദവ് ഏകദിന ക്രിക്കറ്റിൽ എന്താണു ചെയ്തിട്ടുള്ളതെന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ ട്വന്റി20യിൽ അദ്ദേഹം ചെയ്തിട്ടുള്ളതെന്താണ്? ആ പൊസിഷനിൽ ഏകദിനത്തിൽ തിളങ്ങിയാൽ അദ്ദേഹത്തെപ്പോലൊരു ബാറ്റർ ഇന്ത്യയിൽ വേറെയുണ്ടാകില്ല.’’
‘‘സൂര്യകുമാർ യാദവിനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും വരെ ചെയ്യാനാകില്ല. 5–6 പൊസിഷനുകളിലൊക്കെ ബാറ്റു ചെയ്യുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. അതാണ് യുവരാജ് സിങ്ങും എം.എസ്. ധോണിയുമൊക്കെ ചെയ്തത്. ’’– ഹർഭജൻ സിങ് വ്യക്തമാക്കി. 15 അംഗ ടീമിലുള്ള സൂര്യയെ ഉറപ്പായും പ്ലേയിങ് ഇലവനിൽ കളിപ്പിക്കണമെന്നും ഹർഭജൻ ആവശ്യപ്പെട്ടു.
‘‘സൂര്യകുമാർ എപ്പോഴും പ്ലേയിങ് ഇലവനില്‍ ഇറക്കേണ്ട താരമാണ്. കാരണം അദ്ദേഹമുണ്ടെങ്കിൽ, എതിരാളികളിൽ അത്രയേറെ സമ്മര്‍ദമുണ്ടാക്കാൻ സാധിക്കും. അടിച്ചാലും ഇല്ലെങ്കിലും സൂര്യകുമാർ ക്രീസിലുണ്ടെങ്കിൽ എതിരാളികൾ കടുത്ത സമ്മർദത്തിലായിരിക്കും. ഏതു ദിവസവും കളി ജയിപ്പിക്കാനാകുന്ന ഇന്നിങ്സുകൾ കളിക്കാൻ അദ്ദേഹത്തിനു സാധിക്കും. 20 പന്തിൽനിന്ന് 50–60 റൺസൊക്കെ അടിക്കും. ഇങ്ങനെയൊരു താരത്തെ പുറത്തുനിർത്തുന്നതു ശരിയല്ല. അതുകൊണ്ടു തന്നെ സൂര്യയോ, സഞ്ജുവോ എന്ന ചർച്ച അവസാനിപ്പിക്കാൻ സമയമായി.’’–ഹർഭജൻ വ്യക്തമാക്കി.
English Summary: Harbhajan Singh dismisses Sanju Samson vs Suryakumar Yadav debate