ADVERTISEMENT

കൊളംബോ ∙ ഏഷ്യാ കപ്പ് ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമർപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ‘ ഈ പുരസ്കാരത്തിന് അർഹർ ഇവിടത്തെ ഗ്രൗണ്ട് സ്റ്റാഫാണ്. അവരില്ലായിരുന്നെങ്കിൽ ഈ ടൂർണമെന്റ് തന്നെ നടക്കില്ലായിരുന്നു. ഈ പുരസ്കാരത്തുക ഞാൻ അവർക്കു സമർപ്പിക്കുന്നു’ സമ്മാനച്ചടങ്ങിൽ സിറാജ് പറഞ്ഞു.

മഴ പലതവണ വില്ലനായ ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച രീതിയിൽ പിച്ച് ഒരുക്കുകയും ഗ്രൗണ്ട് സംരക്ഷിക്കുകയും ചെയ്ത കൊളംബോയിലെയും കാൻഡിയിലെയും ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് സ്റ്റാഫിനും 50,000 ഡോളർ (ഏകദേശം 41.5 ലക്ഷം രൂപ) പാരിതോഷികമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും (എസിസി) ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചത്. എസിസി ചെയർമാൻ ജയ് ഷായാണ് തുക പ്രഖ്യാപിച്ചത്.

പ്രതീക്ഷകൾ തെറ്റിച്ചത് സിറാജ്: ശനക

ഫൈനലിൽ തങ്ങളുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചത് മുഹമ്മദ് സിറാജിന്റെ സ്പെല്ലാണെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ശനക. പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന പ്രതീക്ഷയിലാണ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മികച്ച രീതിയിൽ പന്തെറിഞ്ഞ സിറാജ് എല്ലാ പ്രതീക്ഷയും തെറ്റിച്ചു. ടൂർണമെന്റിൽ ടീം മികച്ച പ്രകടനം നടത്തി. ടോപ് 4 ബാറ്റർമാർ നല്ല ഫോമിലാണ്. ലോകകപ്പിലേക്കു വരുമ്പോൾ ഇത് ഞങ്ങൾക്ക് ഗുണം ചെയ്യും’ ശനക പറഞ്ഞു.

ഗ്രേറ്റ് ഇന്ത്യൻ പ്രതികാരം

ശ്രീലങ്കയെ 50 റൺസിൽ പുറത്താക്കിയ ടീം ഇന്ത്യ, 23 വർഷം പഴക്കമുള്ള ഒരു കണക്കും ഇന്നലെ വീട്ടി. 2000ൽ ഷാർജയിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 300 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 54 റൺസിൽ ഓൾ ഔട്ട് ആയിരുന്നു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലാണിത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 50 റൺസിൽ പുറത്താക്കി ഇന്ത്യ അതിനു മറുപടി നൽകി.

English Summary: Groundsmen Rejoice As They Receive Massive Gift From Jay Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com