ബി,സി ലെവൽ ടീമുകൾക്കെതിരെ കളിച്ചാൽ റാങ്കിങ്ങും ഉയരും; ബാബറിനെ ‘കുത്തി’ പാക്ക് മുൻ താരം

ബാബർ അസം
ബാബർ അസം
SHARE

ലഹോർ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുന്‍ പേസർ മുഹമ്മദ് ആമിര്‍. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ അവസാന സ്ഥാനക്കാരായാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. സൂപ്പർ ഫോറിൽ ഇന്ത്യയോടും ശ്രീലങ്കയോടും തോറ്റതാണു പാക്കിസ്ഥാനു തിരിച്ചടിയായത്. ലോക ഒന്നാം നമ്പർ ബാറ്ററായ ബാബർ അസം ചെറിയ ടീമുകൾക്കെതിരെ കളിച്ചിട്ടാണ് റാങ്കിങ്ങിൽ മുന്നിലായതെന്നാണ് ആമിറിന്റെ ആരോപണം.

‘‘ഐസിസി റാങ്കിങ് ഓരോ ആഴ്ചയും മാറിക്കൊണ്ടിരിക്കും. നിങ്ങള്‍ 40 മത്സരങ്ങളും കളിച്ച്, ചിലതിൽ 20 ഉം ചിലതിൽ 50 ഉം, 60 പന്തിൽ 70 ഉം ഒക്കെ റൺസെടുത്താൽ നിങ്ങളുടെ റാങ്കിങ് ഉയരും. എന്തുകൊണ്ടാണ് ജോസ് ബട്‍ലര്‍, ഡേവിഡ് മില്ലർ, ക്വിന്റൻ ഡികോക്ക് എന്നിവരൊന്നും ഒന്നാം സ്ഥാനത്തു വരാത്തത്. കാരണം ബി, സി ലെവലിലെ ടീമുകൾ കളിക്കാൻ വരുമ്പോൾ അവരൊന്നും സ്വന്തം ടീമുകൾക്കായി ഇറങ്ങാറില്ല. കളിക്കാതിരിക്കുമ്പോൾ നിങ്ങളുടെ റാങ്കിങ്ങും താഴും.’’– ആമിർ വ്യക്തമാക്കി.

45 മത്സരങ്ങളും ഒരു താരം കളിച്ചാൽ റാങ്കിങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുമെന്നും ആമിര്‍ ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ ഇടമുള്ള പാക്കിസ്ഥാൻ താരമാണ് ബാബർ അസം. ഏക ദിനത്തിൽ ഒന്നാം സ്ഥാനത്തും, ട്വന്റി20യിൽ മൂന്നാമതും, ടെസ്റ്റിൽ നാലാമതും ബാബർ അസമുണ്ട്. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ നേപ്പാളിനെതിരെ ബാബർ അസം സെഞ്ചറി നേടിയിരുന്നു. എന്നാൽ സൂപ്പർ ഫോറിൽ താരത്തിനു തിളങ്ങാൻ സാധിച്ചില്ല.

ഏഷ്യാ കപ്പിലെ പരാജയത്തിനു പിന്നാലെ ടീം ക്യാംപിൽവച്ച് സഹതാരങ്ങൾ ബാബർ അസമിനോടു തര്‍ക്കിച്ചിരുന്നു. സീനിയര്‍ താരങ്ങളെ ബാബർ കുറ്റപ്പെടുത്തിയതോടെ ഷഹീൻ അഫ്രീദി ഇതു ചോദ്യം ചെയ്യുകയായിരുന്നു. പൊതുവായി കുറ്റം ആരോപിക്കരുതെന്നും, നന്നായി കളിച്ച താരങ്ങളെ വിമർശിക്കരുതെന്നും ഷഹീൻ അഫ്രീദി ബാബറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നന്നായി കളിച്ചവരെക്കുറിച്ച് തനിക്ക് അറിയാമെന്നായിരുന്നു ബാബറിന്റെ മറുപടി.

English Summary: Mohammed Amir slams Babar Azam after Asia Cup defeat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS