ലോകകപ്പിലേക്ക് ഇനിയും എൻട്രി സാധ്യം, അശ്വിൻ ടീമിലെത്തുമോ? ഓസീസ് പരീക്ഷണം നാളെ

Mail This Article
മൊഹാലി ∙ ഏകദിന ലോകകപ്പിനു മുൻപുള്ള ‘ഡ്രസ് റിഹേഴ്സലായ’ ഇന്ത്യ– ഓസ്ട്രേലിയ 3 മത്സര ഏകദിന പരമ്പരയ്ക്ക് നാളെ മൊഹാലിയിൽ തുടക്കമാകും. പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ താരങ്ങൾ ഇന്നലെ ഇന്ത്യയിൽ എത്തി. പാറ്റ് കമിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീം ഏകദിന ലോകകപ്പിനുള്ള അതേ സ്ക്വാഡുമായാണ് പരമ്പരയ്ക്ക് ഇറങ്ങുന്നത്.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ആദ്യ രണ്ടു മത്സരത്തിലും വിശ്രമം അനുവദിച്ച സാഹചര്യത്തിൽ കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. രോഹിത്തിനു പുറമേ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരും ആദ്യ രണ്ടു മത്സരങ്ങൾക്കില്ല. എന്നാൽ മൂന്നാം ഏകദിനത്തിൽ ഇവർ മൂവരും ടീമിൽ തിരിച്ചെത്തും. 24ന് ഇൻഡോറിലും 27ന് രാജ്കോട്ടിലുമാണ് അടുത്ത രണ്ടു മത്സരങ്ങൾ.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചെങ്കിലും അന്തിമ ടീം ലിസ്റ്റ് സമർപ്പിക്കാൻ 27 വരെ സമയമുണ്ട്. അതിനാൽ ഫൈനൽ സ്ക്വാഡിലേക്കുള്ള അവസാന ഘട്ട സിലക്‌ഷൻ ട്രയൽസിനു കൂടി ഓസ്ട്രേലിയൻ പരമ്പര വേദിയാകും.
ഓൾറൗണ്ടർ അക്ഷർ പട്ടേലിന് ഏഷ്യാ കപ്പിനിടെ പരുക്കേറ്റ സാഹചര്യത്തിൽ ലോകകപ്പ് ടീമിൽ ഒരു ഓൾറൗണ്ടറുടെ ഒഴിവ് വന്നേക്കും. ഓസ്ട്രേലിയൻ പരമ്പരയിലൂടെ ടീമിൽ തിരിച്ചെത്തിയ സ്പിന്നർ ആർ.അശ്വിനും ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറുമാണ് അക്ഷറിനു പകരം പരിഗണിക്കുന്ന പേരുകൾ.

English Summary : India-Australia ODI series start tomorrow