ADVERTISEMENT

മൊഹാലി ∙ ഈ കളി ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല! ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മിന്നിയ ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ഓസീസ് ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 48. 4ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. എട്ടു പന്തുകൾ ബാക്കിയാക്കിയാണ് ആതിഥേയരുടെ ആധികാരിക ജയം. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലായി. ഞായറാഴ്ച ഇൻഡോറിലാണ് അടുത്ത മത്സരം.

ഇന്ത്യൻ നിരയിൽ നാലു ബാറ്റർമാർ അർധസെഞ്ചറി നേടി. ഓപ്പണർമാരായ ഋതുരാജ് ഗെയ്‌ക്‌വാദ് (77 പന്തിൽ 71), ശുഭ്മാൻ ഗിൽ (63 പന്തിൽ 74), ക്യാപ്റ്റൻ കെ.എൽ.രാഹുൽ (63 പന്തിൽ 58*), സൂര്യകുമാർ യാദവ് (49 പന്തിൽ 50), എന്നിവരാണ് ഹാഫ് സെഞ്ചറി അടിച്ചത്. ശ്രേയസ് അയ്യർ (8 പന്തിൽ 3), ഇഷാൻ കിഷൻ (26 പന്തിൽ 18), രവീന്ദ്ര ജഡേജ (6 പന്തിൽ 3*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.

മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഗെയ്‌ക്‌വാദും ഗില്ലും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 142 റൺസ് കൂട്ടിച്ചേർത്തു. രണ്ടു സിക്സും ആറു ഫോറുമായി ഗിൽ കളംനിറഞ്ഞപ്പോൾ ശ്രദ്ധയോടെ ബാറ്റുവീശിയ ഗെയ്‌ക്‌വാദ് പത്തു ഫോറുകൾ പായിച്ചു. 22–ാം ഓവറിൽ ഗെയ്‌ക്‌വാദിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ആദം സാംപയാണ് കൂട്ടുകെട്ട് പൊളിച്ചത്. ശ്രേയസ് അയ്യർ മൂന്നാമനായി ക്രീസിലെത്തിയെങ്കിലും റണ്ണൗട്ടായി. വെറും മൂന്ന് റൺസ് മാത്രമായിരുന്നു അയ്യരിന്റെ സമ്പാദ്യം. അധികം വൈകാതെ ഗില്ലിനെയും സാംപ മടക്കിയതോടെ ഇന്ത്യ പരുങ്ങലിലായി.

എന്നാൽ നാലാമനായി എത്തിയ ക്യാപ്റ്റൻ കെ.എൽ.രാഹുൽ ഒരറ്റത്ത് ചുവടുറപ്പിച്ചതോടെ ഇന്ത്യ ജയത്തിലേക്ക് നീങ്ങി. ഇഷാൻ കിഷനു പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ തിളങ്ങിയത് ലോകകപ്പിനു മുൻപ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. ഒരു സിക്സും അഞ്ച് ഫോറും സഹിതമാണ് സൂര്യകുമാർ അർധസെഞ്ചറി തികച്ചത്. പിന്നാലെ പുറത്തായെങ്കിലും അടുത്തടുത്ത പന്തുകളിൽ ഫോറും സിക്സും പായിച്ച് രാഹുൽ ഇന്ത്യയെ വിജയിൽ എത്തിക്കുകയായിരുന്നു.

∙ ഷമി ‘ഹീറോടാ’

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 276 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 53 പന്തിൽ 52 റൺസ് നേടിയ ഡേവിഡ് വർണറാണ് ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് (60 പന്തിൽ 41), ജോഷ് ഇംഗ്‌ലിസ് (45 പന്തിൽ 45) എന്നിവരും മികച്ച രീതിയിൽ ബാറ്റു ചെയ്തു. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി 10 ഓവറിൽ 51 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി.

ഇന്ത്യ–ഓസ്ട്രേലിയ മത്സരത്തിനിടെ ജസ്പ്രീത് ബുമ്രയും മാറ്റ് ഷോർട്ടും (Photo: X/ @BCCI)
ഇന്ത്യ–ഓസ്ട്രേലിയ മത്സരത്തിനിടെ ജസ്പ്രീത് ബുമ്രയും മാറ്റ് ഷോർട്ടും (Photo: X/ @BCCI)

ജസ്പ്രീത് ബുമ്ര, ആർ.അശ്വിൻ, രവിന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. 10 ഓവറിൽ 78 റൺസ് വഴങ്ങിയ ശാർദുൽ ഠാക്കൂറിന് വിക്കറ്റ് നേടാനായില്ല. മിച്ചൽ മാർഷ് (4), മാർനസ് ലബുഷെയ്ൻ (39), കാമറൂണ്‍ ഗ്രീൻ (31), മാർക്കസ് സ്റ്റോയിനിസ് (29), മാറ്റ് ഷോർട്ട് (2), പാറ്റ് കമിൻസ് (21), സീൻ ആബട്ട് (2), ആദം സാംപ (2) എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റർമാരുടെ സ്കോർ.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് നാലു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണർ മിച്ചൽ മാർഷിന്റെ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പിന്നീട് വാർണറും സ്റ്റീവ് സ്മിത്തും ചേർന്ന് രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തു. വാർണറെ ഗില്ലിന്റെ കൈകളിലെത്തിച്ച് ജഡേജയാണ് ഈ കൂട്ടുകെട്ട് തകർത്തത്.

അധികം വൈകാതെ ഷമിയുടെ പന്തിൽ സ്റ്റീവ് സ്മിത്തും പുറത്തായി. സ്കോർ 157ൽ നിൽക്കേ ലബുഷെയ്ന്‍ പുറത്തായി. കാമറൂൺ ഗ്രീൻ, മാറ്റ് ഷോർട്ട്, സീൻ ആബട്ട് എന്നിവരുടെ വിക്കറ്റുകൾ കൂടി നേടിയ ഷമി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഏകദിനത്തിൽ രണ്ടാം തവണയാണ് ഷമി 5 വിക്കറ്റു നേടുന്നത്. അവസാന ഓവറുകളിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസ് നടത്തിയ വെടിക്കെട്ടു പ്രകടനത്തോടെ ടീം സ്കോർ 270 കടന്നു. 9 പന്തിൽനിന്ന് 21 റൺസ് നേടിയ കമിൻസ് പുറത്താകാതെ നിന്നു.

 പ്ലേയിങ് ഇലവൻ

ഇന്ത്യ: 
ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവിന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ ഠാക്കുർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.

ഓസ്ട്രേലിയ: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റിവൻ സ്മിത്ത്, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്‌ലിസ്, മാർക്കസ് സ്റ്റോയിനിസ്, മാറ്റ് ഷോര്‍ട്ട്, പാറ്റ് കമിൻസ്, സീൻ ആബട്ട്, ആദം സാംപ.

English Summary : India vs Australia first ODI Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com