ഇന്ത്യയിലേക്കു പോകുന്നത് ക്രിക്കറ്റ് കളിക്കാൻ, യുദ്ധം ചെയ്യാനല്ല: പാക്കിസ്ഥാൻ പേസർ
Mail This Article
ലഹോർ∙ ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല ക്രിക്കറ്റ് കളിക്കാനാണ് അങ്ങോട്ടു പോകുന്നതെന്ന് പാക്കിസ്ഥാൻ താരം ഹാരിസ് റൗഫ്. ഒരു വാർത്താ സമ്മേളനത്തിനിടെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തെക്കുറിച്ചു ചോദ്യമുയർന്നപ്പോഴായിരുന്നു ഹാരിസ് റൗഫിന്റെ പ്രതികരണം. ഇന്ത്യ– പാക്ക് മത്സരങ്ങളിൽ പഴയ പോലെ ആക്രമണോത്സുകത ഇല്ലാത്തതിനു കാരണം എന്താണെന്ന ചോദ്യമാണ് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ ചോദിച്ചത്. എന്നാൽ ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല പോകുന്നതെന്നായിരുന്നു പാക്കിസ്ഥാൻ പേസറുടെ മറുപടി.
‘‘ഞാനെന്തിനാണ് ഇന്ത്യക്കാരുമായി അടി കൂടുന്നത്. ഇത് ക്രിക്കറ്റാണ്. യുദ്ധമല്ലല്ലോ. ലോകകപ്പില്‍ പാക്കിസ്ഥാൻ ടീമിന്റെ മികച്ച പ്രകടനം മാത്രമാണ് എന്റെ ലക്ഷ്യം. ഏഷ്യാകപ്പിനിടെയുണ്ടായ പരുക്കു പൂർണമായും മാറിയിട്ടുണ്ട്. കളിക്കാൻ ഇറങ്ങുന്ന കാര്യത്തിൽ ടീം മാനേജ്മെന്റാണ് തീരുമാനം എടുക്കുന്നത്.’’– പാക്കിസ്ഥാൻ താരം പ്രതികരിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെയാണ് പാക്ക് താരത്തിനു പരുക്കേറ്റത്. റൗഫിനു പുറമേ യുവപേസർ നസീം ഷായും പരുക്കേറ്റു പുറത്തായിരുന്നു.
പാക്കിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യ കഴിഞ്ഞ ദിവസം വീസ അനുവദിച്ചിരുന്നു. ഇന്നലെ രാത്രിയാണ് വീസ അനുവദിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചത്. വീസ നടപടികൾ നീണ്ടുപോകുന്നതിനെതിരെ കഴിഞ്ഞ ദിവസം ഐസിസിക്കു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യ വീസ അനുവദിച്ചത്. പാക്കിസ്ഥാൻ വെള്ളിയാഴ്ച ന്യൂസീലൻഡിനെതിരെ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ ആരാധകർക്കു പ്രവേശനമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
English Summary: Why Should I Fight With Indians?: Pakistan Cricket Star's Epic Reply